നവീകരണത്തിലൂടെയേ കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്താനാകൂ -ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍

നവീകരണത്തിലൂടെ മാത്രമേ കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്താനാകൂവെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കായി ‘വ്യക്തിത്വ വികസനവും കൗസലിംഗും’ എന്ന വിഷയത്തില്‍ നടത്തു പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ഡിപ്പോയും ലാഭകരമാക്കാന്‍ ക്രമീകരണങ്ങള്‍ നടത്താനുള്ള സഹകരണവും മുന്‍കൈയും യൂണിറ്റ്തല ഓഫീസര്‍മാരുടേയും ജീവനക്കാരുടേയും നേതൃത്വത്തില്‍ നടന്നാല്‍തന്നെ കാര്യക്ഷമമായ സര്‍വീസ് എന്ന സല്‍പ്പേര് നേടാനാകും. പരിമിതികള്‍ക്കിടയിലും നമ്മുടെ ശേഷി ഉപയോഗപ്പെടുത്തി ജനങ്ങളുടെ സേവനം മെച്ചപ്പെടുത്താനാകണം. യൂണിറ്റിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഏതൊക്കെ ഘടകങ്ങളിലാണ് ശ്രദ്ധ പുലര്‍ത്തേണ്ടതെന്ന് ജീവനക്കാര്‍ പരിശോധിക്കണം. കെ.എസ്.ആര്‍.ടി.സി കടുത്ത പ്രതിസന്ധി നേരിട്ട് മുന്നോട്ടുപോകുകയാണ്. കടം വാങ്ങി മാത്രം ഒരു സ്ഥാപനം നടത്തിക്കൊണ്ടുപോകാനാവില്ലെന്നും ജീവനക്കാര്‍ സ്വയംപരിശോധന നടത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്റെ വരുമാന വര്‍ധനവ്, ചെലവ് കുറയ്ക്കു നടപടികള്‍, ജനങ്ങള്‍ക്കിടയില്‍ അന്തസ് വര്‍ധിപ്പിക്കുന്ന നടപടികള്‍ എന്നിവയ്ക്കായി യൂണിറ്റുകളിലെ എല്ലാ വിഭാഗം ജീവനക്കാരെയും പ്രാപ്തരാക്കാനാണ് അഞ്ച് മേഖലകളിലായി പരിശീലനം നടത്തുന്നത്. യൂണിറ്റ് ഓഫീസര്‍, ഗ്യാരേജ് വിഭാഗം തലവന്‍, എച്ച്.വി.എസ്/വി.എസ് എിവര്‍ക്കായി തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിംഗ് സെന്റര്‍, കൊട്ടാരക്കര, അങ്കമാലി, എടപ്പാള്‍, കോഴിക്കോട് എിവിടങ്ങളിലാണ് പരിശീലനം. കേരള അഗ്രികള്‍ചറല്‍ യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് വിഭാഗം മുന്‍തലവന്‍ ഡോ. പ്രകാശ് രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ക്ലാസുകള്‍.
ഉദ്ഘാടനചടങ്ങില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എം.ടി. സുകുമാരന്‍, ഷറഫ് മുഹമ്മദ്, കെ.എം. ശ്രീകുമാര്‍, സി.വി. രാജേന്ദ്രന്‍, ഡി.ഷിബുകുമാര്‍, എസ്.ടി.സി പ്രിന്‍സിപ്പാള്‍ ടി. സുനില്‍കുമാര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍ ജി.പി. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.