നവരക്കായ് പാടത്തെ നിര്‍മ്മാണം അനധികൃതം; യൂത്ത് കോണ്‍ഗ്രസ്സ്.

തിരൂരങ്ങാടി: മമ്പുറം ബൈപ്പാസിനടുത്തുള്ള നവരക്കായ് പാടത്ത് നിര്‍മ്മാണം അനധികൃതമാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സമരക്കാര്‍ വയലിലെ കരിങ്കല്‍ക്കെട്ടിന്റെ ഒരുഭാഗം തകര്‍ക്കുകയും ചെയ്തു.
തിരൂരങ്ങാടി മേഖലയിലെ വ്യാപകമായ വയല്‍ നികത്തിലിന് പഞ്ചായത്ത് ഒത്താശ ചെയ്യുകയാണെന്നും ഇവര്‍ ആരോപിച്ചു. ചൊവ്വാഴ്ച വൈകിട്ട് വയലിലേക്ക് പ്രകടനമായെത്തിയ സമരക്കാരെ പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും സംരക്ഷവലയം തകര്‍ത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ താഴേക്കിറങ്ങുകയായിരുന്നു. വയലിന് ചുറ്റും മതില്‍ പണിത് പിന്നീട് മണ്ണിട്ട് നികത്താനുള്ള നീക്കമാണെന്ന് കാണിച്ച് പരിസ്ഥിതി സ്‌നേഹികള്‍ വില്ലേജോഫീസര്‍ക്കും കൃഷി ഓഫീസര്‍ക്കും പരാതി നല്‍കി.
കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.പി അബ്ദുള്‍ മജീദ് ഹാജി ഉദ്ഘാടനം ചെയ്തു. അലിമോന്‍ തടത്തില്‍, സി.പി. സാക്കിര്‍,കബീര്‍ കക്കാട്ട്, പട്ടാളത്തില്‍ ഹംസ, എം.ടി. ശിഹാബ് എന്നിവര്‍ പ്രസംഗിച്ചു.