നവമാധ്യമങ്ങളുടെ ചൂഷണത്തില്‍ നിന്നും കുട്ടികളെ മോചിപ്പിക്കും: മന്ത്രി മുനീര്‍

നവമാധ്യമങ്ങളുടെ ചൂഷണത്തില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന്‌ സാമൂഹ്യനീതി – പഞ്ചായത്ത്‌ വകുപ്പ്‌ മന്ത്രി എം.കെ.മുനീര്‍. അതേസമയം നവമാധ്യമങ്ങളുടെ നല്ല സാധ്യതകള്‍ കുട്ടികള്‍ക്കു മുന്നില്‍ തുറന്നു കൊടുക്കുകയും ചെയ്യും.
സംസ്ഥാന ശിശുദിനാഘോഷം തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ അവകാശങ്ങള്‍ ഇന്നും പൂര്‍ണതോതില്‍ നടപ്പിലായിട്ടില്ല. നാളെയുടെ പൗരന്മാര്‍ എന്ന അര്‍ത്ഥത്തില്‍ കുട്ടികളെ വാഴ്‌ത്താറുണ്ട്‌. എന്നാല്‍ അവര്‍ ഇന്നിന്റെ പൗരന്മാരാണെന്നതാണ്‌ യാഥാര്‍ത്ഥ്യം. കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ സാമൂഹ്യനീതി വകുപ്പ്‌ ശക്തമായി ഇടപെടുകയും അവ പിടിച്ചുവാങ്ങി നല്‍കുകയും ചെയ്യും.
രാഷ്ട്രത്തിന്റെ ഭാവി കുട്ടികളിലാലെണന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ ദീര്‍ഘദര്‍ശിയായ രാഷ്ട്രതന്ത്രജ്ഞനും പ്രധാനമന്ത്രിയുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പ്‌ മന്ത്രി വി.എസ്‌.ശിവകുമാര്‍ അനുസ്‌മരിച്ചു. മതേതരത്വത്തിലൂന്നിയ ഇന്ത്യയെ കെട്ടിപ്പടുക്കുവാന്‍ നെഹ്‌റു വഹിച്ച പങ്ക്‌ നിസ്‌തുലമാണ്‌. വര്‍ത്തമാനകാല സാഹചര്യത്തില്‍ നെഹ്രുവിന്റെ കാഴ്‌ചപ്പാട്‌ വളര്‍ത്തിയെടുക്കേണ്ട ഒരു യുവതലമുറയെ വളര്‍ത്തയെടുക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ കുമാരി ആതിര വി. സ്വാഗതം പറഞ്ഞു. തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ ആര്‍.സുരേഷ്‌, സാമൂഹ്യനീതി വകുപ്പ്‌ സ്‌പെഷ്യല്‍ സെക്രട്ടറി എ.ഷാജഹാന്‍, സാമൂഹ്യനീതി വകുപ്പ്‌ ഡയറക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, സാമൂഹ്യനീതി ഡയറക്ടറേറ്റ്‌ അഡീഷണല്‍ ഡയറക്ടര്‍മാരായ എച്ച്‌.എസ്‌.ബാബു, ആര്‍.പി.പത്മകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച്‌ സംസാരിച്ചു. കുമാരി ദേവിക വി.നായര്‍ കൃതജ്ഞത രേഖപ്പെടുത്തി.