നവതിയുടെ നിറവിലും തളരാത്ത പോരാട്ട വീര്യവുമായി മുക്രക്കാട്ട് കുട്ടാപ്പന്‍..

താനൂര്‍: രാജ്യസ്‌നേഹത്തിന്റെ തീക്ഷ്ണതയില്‍ കൊടിമരത്തില്‍ നിന്നും ബ്രിട്ടീഷ് പതാക താഴ്ത്തി അഗ്നിക്കിരയാക്കിയ ശേഷം ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി കെട്ടിയതിന്റെ വീരസ്മരണയിലാണ് താനൂര്‍ നടക്കാവ് സ്വദേശിയും സ്വാതന്ത്ര്യ സമരസേനാനിയുമായ മുക്രക്കാട്ട് കുട്ടാപ്പന്‍.

ഇന്ന് 90 വയസ്സ് പിന്നിടുന്ന ഇദ്ദേഹം ചെറുപ്പത്തില്‍ തന്നെ പോലീസിനോടുള്ള ആരാധന മൂലം അന്നത്തെ ബ്രിട്ടീഷ് പോലീസിന്റെ അധീനതയിലുള്ള എം എസ് പിയില്‍ ചേര്‍ന്നു. പണ്ടിക്കാടായിരുന്നു അന്ന് എം എസ് പിയുടെ ആസ്ഥാനം. തുടര്‍ന്ന് സ്വാതന്ത്ര്യസമരം ശക്തിപ്പെട്ട കാലയളവില്‍ പോലീസിനകത്തു തന്നെയുള്ള യുവാക്കളെ സംഘടിപ്പിക്കുന്നതില്‍ കുട്ടാപ്പന്‍ നേതൃത്വപരമായ പങ്കുവഹിച്ചു. എം എസ് പിയുടെ മദ്രാസിലെ ആസ്ഥാനത്ത് വെച്ച് ഇന്ത്യക്കാരനായ ഉന്നത ഉദ്യോഗസ്ഥന്‍ ബ്രിട്ടീഷ് പതാക കത്തിച്ച് ഇന്ത്യന്‍ പതാക ഉയര്‍ത്തിയ നടപടിയെപറ്റി കുട്ടാപ്പന്‍ അറിയാനിടയായി. തുടര്‍ന്ന് പാണ്ടിക്കാട്ടും കുട്ടാപ്പന്‍ സമാനമായ സംഭവത്തിന് നേതൃത്വം നല്‍കുകയായിരുന്നു. ഇതിന്റെ പേരില്‍ ബ്രിട്ടീഷ് പോലീസിന്റെ മര്‍ദ്ദനത്തിനിരയാവുകയും 600ലധികം സഹപ്രവര്‍ത്തകരെയും കുട്ടാപ്പനെയും സര്‍വീസില്‍നിന്നും പിരിച്ചുവിടുകയും ചെയ്തു.
സ്വാതന്ത്ര്യദിനത്തിന്റെ 50-ാം വാര്‍ഷികാഘോഷത്തിന് സര്‍ക്കാര്‍ കുട്ടാപ്പനെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ പങ്കെടുക്കാനായില്ല. റിപ്പബ്ലിക് ദിനങ്ങളിലും അധികൃതര്‍ ബന്ധപ്പെടാറുണ്ടെന്നും പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും കുട്ടാപ്പന്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പായിരുന്നു സഹധര്‍മിണി പൂതേരി ലക്ഷ്മിയുടെ വിയോഗം. മക്കളില്ലാത്ത ഇദ്ദേഹം ജ്യേഷ്ട പുത്രന്മാര്‍ക്കൊപ്പം സ്വവസതിയിലാണ് താമസം. ശാരീരിക അവശതകള്‍ക്കിടയിലും സ്വാതന്ത്ര്യദിനം എന്നത് ആഹ്ലാദകരമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

താനൂരില്‍ നടന്ന അദേഹത്തിന്റെ നവതി ആഘോഷം മുന്‍മന്ത്രി കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗാന്ധിയന്‍ വിചാര വീഥി സംസ്ഥാന അധ്യക്ഷന്‍ യു കെ ദാമോദരന്‍, സിപിഐഎം ഏരിയാ സെക്രട്ടറി ഇ. ജയന്‍, രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.