നവജ്യോത് സിംഗ് സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചു

download (2)ദില്ലി: ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചു. സിദ്ദു എഎപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് രാജി വെച്ചിരിക്കുന്നത്. അടുത്ത കാലമായി പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു സിദ്ദു. നേരത്തെ രണ്ട് തവണ ലോക്‌സഭാംഗമായിരുന്നു.

ബിജെപി അംഗത്വവും സിദ്ദു ഉടന്‍ ഉപേക്ഷിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് എണ്‍പതാം ദിവസമാണ് സിദ്ദു രാജിവെച്ചിരിക്കുന്നത്. ഏപ്രില്‍ 28 നായിരുന്നു സിദ്ദു രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന പ്രശസ്ത വ്യക്തികളുടെ ഗണത്തില്‍ പെടുത്തിയായിരുന്നു സിദ്ദുവിനെ ബിജെപി രാജ്യസഭയില്‍ എത്തിച്ചത്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് മുതല്‍ പാര്‍ട്ടിയുമായി സ്വരച്ചേര്‍ച്ച ഇല്ലാതെ കഴിയുകയായിരുന്നു സിദ്ദു. പാര്‍ട്ടി പുന:സംഘടനയിലും സിദ്ദുവിന് പരിഗണന നല്‍കിയില്ല. ഈ അവഗണനയില്‍ സിദ്ദു പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ രാജ്യസഭാംഗമാക്കിയത്.

2004 ലാണ് സിദ്ദു പാര്‍ലമെന്റിലെത്തിയത്. പഞ്ചാബിലെ അമൃതസറില്‍ നിന്നുമായിരുന്നു സിദ്ദു ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2009 ലും ഇവിടെ വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സിദ്ദുവിന് സീറ്റ് നിഷേധിക്കുകയായിരുന്നു. സിദ്ദുവിന്റെ മണ്ഡലമായ അമൃതസര്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് നല്‍കി. എന്നാല്‍ അവിടെ വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല.

പഞ്ചാബില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിദ്ദു എഎപിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദുവും ബിജെപി നേതാവാണ്. പഞ്ചാബില്‍ നിന്നുള്ള നിയമസഭാംഗമാണ് കൗര്‍.