നഴ്‌സുമാരുടെ സമരം, നാഷണല്‍ ഹോസ്പിറ്റലില്‍ ജയം; ബേബി മെമ്മോറിയലില്‍ തുടങ്ങുന്നു.

നഴ്‌സുമാരുടെ അവകാശസമരം കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിലും വിജയിച്ചു. ഐഎംഎ ഭാരവാഹികള്‍ ഉള്‍പ്പെട്ട നാഷണല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് നഴ്‌സുമാരുടെ അവകാശപത്രിക അംഗീകരിക്കാന്‍ തയ്യാറായതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സമരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നഴ്‌സസ് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ഹോസ്പിറ്റലിലെ എണ്ണൂറു നഴ്‌സുമാരില്‍ അഞ്ഞൂറു പേരും സമരത്തെ അനുകൂലിക്കുന്നവരാണെന്ന് സംഘടനാനേതാക്കള്‍ അവകാശപ്പെട്ടു. നാഷണല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സമരത്തോട് അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതമായതോടെ സമീപജില്ലകളിലേക്കും സമരം വ്യാപിക്കുകയാണ്.

നിരവധി സ്വകാര്യ ആശുപത്രികളുള്ള മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ എംഇഎസ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ഇതുവരെയും സമരനോട്ടീസ് കൈപ്പറ്റാന്‍ തയ്യാറായിട്ടില്ല.