നഴ്‌സുമാരുടെ സമരം കേരളമാകെ പടരുന്നു കോഴിക്കോട്ടും സമരം

കോഴിക്കോട്: നഴ്‌സുമാരുടെ തൊഴില്‍ മേഖയില്‍ നിലനില്‍കുന്ന കൊടിയ ചൂഷണത്തിനെതിരെ നടന്നുവരുന്ന സമരം കേരളത്തിലാകെ വ്യാപിക്കുന്നു. കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ സൂചനസമരം നടന്നു. നിലവില്‍ സമരം നടന്നുകൊണ്ടിരിക്കുന്ന കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ സമരം ആറുദിവസം പിന്നിട്ടു.

മിനിമം കൂലി ലഭ്യമാക്കുക, ഷിഫ്റ്റ് സമ്പ്രദായം പുനക്രമീകരിച്ച് ജോലിഭാരം കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോഴിക്കോട്ട് നാഷണലില്‍ സൂചന സമരം നടന്നത്. അയ്യായിരം രൂപയില്‍ താഴെയാണ് മൂന്നും നാലും വര്‍ഷം സര്‍വീസുള്ള നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കുന്നത്. രാവിലെ എട്ടുമുതല്‍ പത്ത് മണിവരെയായിരുന്നു സമരം. മാനേജ്‌മെന്റ് ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ആറാം തിയ്യതി മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

ഇതിനിടെ ലേക് ഷോര്‍ ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലും കോടതിയെ സമീപിച്ചിട്ടുണ്ട്.

എന്നാല്‍ സമരം ന്യായമാണെന്ന പൊതുജന വികാരം ഉണര്‍ന്നിട്ടുണ്ട്. സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെ പിന്‍തുണ സമരത്തിന് ഏറി വരികയാണ്.