നഴ്‌സുമാരുടെ സമരം കത്തിപടരുന്നു; പൈങ്കുളം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ സമരം ചെയ്ത നഴ്‌സുമാരെ പൂട്ടിയിട്ടു.

തൊടുപുഴ:  ഇടുക്കിയിലെ പൈങ്കുളത്തെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന ആശുപത്രിയില്‍ സമരത്തിന് നോട്ടീസ് നല്‍കിയ നഴ്‌സുമാരെ മുറിയില്‍ പൂട്ടിയിട്ടതായി ആരോപിച്ച് നഴ്‌സുമാര്‍ സമരം ആരംഭിച്ചിരിക്കുകയാണ്. പൈങ്കുളം സേക്രഡ് ഹാര്‍ട്ട് ആശുപത്രിയിലെ നഴ്‌സുമാരാണ് വിവിധാവശ്യങ്ങള്‍ ഉന്നയിച്ച് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

മിനിമം വേതനം ഉറപ്പു വരുത്തുക, രാത്രികാലങ്ങളിലെ ഡ്യൂട്ടിക്ക് ബാറ്റ അനുവദിക്കുക, ഭക്ഷണത്തിനും താമസത്തിനും ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുക കുറയ്ക്കുക തുടങ്ങിയ പന്ത്രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടങ്ങിയിരിക്കുന്നത്.

രാവിലെ 8 മണി മുതലാണ് സമരം തുടങ്ങിയത്. വായ് മൂടിക്കെട്ടി സമാധാനപരമായാണ് നഴ്‌സുമാര്‍ ഇവിടെ സമരം ആരംഭിച്ചത്. മാനസികാരോഗ്യകേന്ദ്രത്തില്‍ സമരം ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ സമരം അവസാനിപ്പിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പുറത്തുപോവില്ലെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ചുനിന്നു. തുടര്‍ന്ന് പോലീസ് ബലപ്രയോഗത്തിലൂടെ സമരക്കാരെ പിടിച്ചു പുറത്താക്കുകയായിരുന്നു. ഇതോടെ നഴ്‌സുമാര്‍ ആശൂപത്രി കോമ്പൗണ്ടിന് പുറത്തിരുന്ന് സമരം തുടരുകയാണ്. കൂടാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെയും ആശുപത്രി അധികൃതര്‍ ബലമായി പുറത്താക്കിയിട്ടുണ്ട്. നഴ്‌സുമാരുടെ ഹോസ്റ്റല്‍, മാനേജ്‌മെന്റ് അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ടുണ്ട്.