നരേന്ദ്ര മോദിയെ വിമര്‍ശിച്ച ഗുജറാത്തി ടെലിവിഷന്‍ ചാനലിന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌

modiദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഗുജറാത്ത്‌ ടെലിവിഷന്‍ ചാനലിന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌. സ്വച്ഛ്‌ഭാരത്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ച നേതാവിനെ അപമാനിച്ചുവെന്നാണ്‌ മോദിയുടെ പേര്‌ പറയാതെ കാരണം കാണിക്കല്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. സ്വച്ഛ്‌ഭാരത്‌ പദ്ധതി ഗാന്ധിജിയുടെ പേരില്‍ തുടങ്ങിയ നേതാവിന്‌ ഗാന്ധിയുടെ ആശയങ്ങളുമായി വാക്കിലും പ്രവര്‍ത്തിയിലും ബന്ധമില്ലെന്നായിരുന്നു ചാനലിന്റെ വിമര്‍ശനം.

പ്രശസ്‌തിക്ക്‌ വേണ്ടി മാത്രമാണ്‌ ഗാന്ധിജിയുടെ പേര്‌ ഈ നേതാവ്‌ ഉപയോഗിക്കുന്നതെന്നും ചാനല്‍ കുറ്റപ്പെടുത്തിയതായി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നല്‍കിയ നോട്ടീസില്‍ പറയുന്നു. ലളിത ജീവിതം നയിച്ച ഗാന്ധിജിയുടെ പേര്‌ ഉപയോഗിക്കുന്ന ഈ നേതാവ്‌ 9 ലക്ഷം രൂപയുടെ സ്യൂട്ടാണ്‌ ധരിക്കുന്നതെന്നും ചാനല്‍ കുറ്റപ്പെടുത്തിയിരുന്നു.

ജനുവരി 30 ന്‌ പ്രക്ഷേപണം ചെയത പരിപാടിയിലായിരുന്നു വിമര്‍ശനം. ജൂണില്‍ ചാനലിനെതിരായ കേസ്‌ വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ സമിതി പരിഗണിച്ചിരുന്നു.