നദീ സംരക്ഷണ സന്ദേശവുമായി ദീര്‍ഘദൂര കയാക്കിംഗ്‌

tourism in keralaമലപ്പുറം: നദീകളുടെ സംരക്ഷണ സന്ദേശമുയര്‍ത്തി ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച്‌ മലപ്പുറം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ജെല്ലിഫിഷ്‌ വാട്ടര്‍ സ്‌പോര്‍ട്‌സും സംയുക്തമായി നിലമ്പൂരില്‍ നിന്ന്‌ ബേപ്പൂരിലേയ്‌ക്ക്‌ ചാലിയാറിലൂടെ കയാക്കിംഗ്‌ നടത്തുന്നു. തിരഞ്ഞെടുത്ത 20 പേരാണ്‌ കയാക്കിംഗിന്‌ നേതൃത്വം നല്‍കുന്നത്‌. കൈകൊണ്ട്‌ തുഴഞ്ഞ്‌ യാത്ര നടത്തുന്ന സംഘം പ്രധാന സ്ഥലങ്ങളില്‍ നദികളുടെ സംരക്ഷണം സംബന്ധിച്ചുള്ള ബോധവത്‌ക്കരണം നടത്തും. ഭാവി തലമുറയ്‌ക്ക്‌ വേണ്ടി നദികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം യുവതലമുറ ഏറ്റെടുക്കുന്നതിനു വേണ്ടിയുള്ള പ്രചാരണമാണ്‌ ഈ യാത്രയിലൂടെ ഉദ്ദേശിക്കുന്നത്‌.
25ന്‌ നിലമ്പൂരില്‍ നിന്ന്‌ പ്രയാണമാരംഭിക്കുന്ന യാത്ര 27ന്‌ വൈകുന്നേരം 6 മണിക്ക്‌ ബേപ്പൂരില്‍ സമാപിക്കും. സാഹസികമായി നടത്തുന്ന ഈ യാത്ര ജില്ലയില്‍ ആദ്യമായാണ്‌ സംഘടിപ്പിക്കുന്നത്‌. രാവിലെ 7 മണി മുതല്‍ 12 മണി വരെയും വൈകിട്ട്‌ 3 മണി മുതല്‍ 6 മണി വരെയുമാണ്‌ കയാക്കിംഗ്‌ ഉണ്ടാവുക.
എക്‌സ്‌പ്ലോര്‍ ചാലിയാര്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന യാത്രയുടെ ലോഗോ ടൂറിസം വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍ പ്രകാശനം ചെയ്‌തു. മലപ്പുറം നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ്‌ മുസ്‌തഫ, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍കോയ, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗം എം.കെ. മുഹസിന്‍, ബ്രിജേഷ്‌ ഷൈജല്‍, കൗശിക്‌ കോടിത്തൊടി എന്നിവര്‍ സംബന്ധിച്ചു.