നഗ്നനായി ബൈക്കില്‍ കറങ്ങിയ യുവാവ് പിടിയിലായി.

കോട്ടയം: നൂല്‍ബന്ധമില്ലാതെ ബൈക്ക് സവാരി നടത്തിയ യുവാവ് ആളുകള്‍ക്കും പോലീസിനും തലവേദനയായി. ബൈക്ക് പറത്തി നടുറോഡിലൂടെ ചീറിപാഞ്ഞുപോയ്‌കൊണ്ടിരുന്ന യുവാവിനെ കണ്ട് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ അനന്തം വിട്ടു നിന്നും. ഇതെന്തുകഥയെന്നറിയതാതെ നാട്ടുകാരില്‍ ചിലര്‍ വാഹനങ്ങളില്‍ പിന്‍തുടര്‍ന്നു. വിവരമറിഞ്ഞ് പോലീസും യുവാവിനെ പിടികൂടാന്‍ പിന്നാലെ കൂടി എന്നാല്‍ ഇവര്‍ക്കൊന്നും പിടികൊടുക്കാതെ യുവാവ് തകന്റെ നീല പള്‍സറില്‍ കുതികുതിക്കുകയായിരുന്നു. അവസാനം അടഞ്ഞു കിടന്ന റെയില്‍വേഗേറ്റിനു മുന്നിലിട്ട് പോലീസും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി.

കഞ്ഞിക്കുഴിയില്‍ വെച്ച് വൈകീട്ട് 5.30 മണിക്കാണ് യുവാവിനെ ആദ്യം കണ്ടത്. ബൈക്കില്‍ പറന്ന യുവാവ് ഷര്‍ട്ട് ധരിക്കാതെ ബൈക്കോടിക്കുന്നത് കണ്ടാണ് നാട്ടുകാര്‍ യുവാവിനെ ശ്രദ്ധിച്ചത്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് നൂല്‍ബന്ധമില്ലാതെയാണ് ബൈക്കോടിക്കുന്നതെന്ന് മനസിലായത്. ഇതെ തുടര്‍ന്നാണ് നാട്ടുകാര്‍ യുവാവിനെ പിന്‍തുടര്‍ന്നത്.

മാനസികവിഭ്രാന്തി കാണിച്ച യുവാവ് പനച്ചിക്കാട് സ്വദേശി കാര്‍ത്തിക്(32) ആണെന്ന തെറ്റായ വിവരമാണ് ആദ്യം നല്‍കിയത്. എന്നാല്‍ പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മണാര്‍കാട് ഒറവയ്ക്കല്‍ പുതിയകാവില്‍ ഗോപന്‍ ടി നായരാണെന്ന ശരിയായ വിവരം ലഭിച്ചത്.

വൈദ്യപരിശോധനയില്‍ യുവാവ് മദ്യപിച്ചതായി കണ്ടെത്താനായില്ലെങ്കിലും ഇയാള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായും ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും സംശയിക്കുന്നുണ്ട്.

വസ്ത്രമില്ലാതെ പൊതു നിരത്തിലൂടെ അപകടമായ തരത്തില്‍ വാഹനമോടിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.