ദോഹയില്‍ ഗതാഗത ഗ്രാമവും കാല്‍നടയാത്രക്കാര്‍ക്കുള്ള മേല്‍പ്പാലങ്ങളും വരുന്നു

Untitled-1 copyദോഹ: വര്‍ദ്ധിച്ചുവരുന്ന ഗതാഗത കുരുക്കിന്‌ പരിഹാരം കാണാന്‍ രാജ്യത്ത്‌ ഗതാഗത സുരക്ഷ മുന്‍നിര്‍ത്തി നാഷണല്‍ ട്രാഫിക്‌ സേഫ്‌റ്റി കമ്മിറ്റി-എന്‍ടിഎസ്‌സി വിഭാഗം വിവിധ പദ്ധതികളുമായി രംഗത്തെത്തുന്നു. ഇതിനുവേണ്ടി ഗതാഗത ഗ്രാമവും കാല്‍നടയാത്രക്കാര്‍ക്കുള്ള കൂടുതല്‍ മേല്‍പ്പാലങ്ങളും ഭൂഗര്‍ഭപാതകളും നിര്‍മിക്കാനൊരുങ്ങുന്നു. പോലിസ് മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ദേശീയ ഗതാഗത സുരക്ഷാ സെക്രട്ടറി ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ മലിക്കിയാണ് ഇക്കാര്യം അറിയിച്ചത്.

ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപവത്കരിക്കുന്നതിനായി ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളില്‍നിന്നും സ്ഥിതിവിവര കണക്കുകള്‍ ക്രോഡീകരിക്കുകയും , ഗതാഗത വിവരങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ സമിതി ആരായുകയും ചെയ്യുന്നുണ്ട്.ഖത്തര്‍ ദേശീയ റോഡ് സുരക്ഷാ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനും നടപ്പാക്കുന്നതിനുമായി കൂടുതല്‍ അംഗങ്ങളെ സമിതിയില്‍ ഉള്‍പ്പെടുത്താനുള്ള പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനയുടെ തീരുമാനം വഴിത്തിരിവായെന്ന് ബ്രിഗേഡിയര്‍ പറഞ്ഞു.

2030-ഓടെ റോഡപകടങ്ങള്‍ 50 ശതമാനം കുറക്കാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് 2015ല്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അടക്കം 150-ഓളം രാഷ്ട്ര നേതാക്കള്‍ ഒപ്പുവെച്ച സുസ്ഥിര വികസന ലക്ഷ്യങ്ങള്‍.  ഇവയില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട (19) 2007 നമ്പര്‍ നിയമത്തിന്‍െറ ഭേദഗതിയും ഉള്‍പ്പെടും.