ദോഹയില്‍ എണ്ണ വിലയിടിവ്‌; സര്‍ക്കാര്‍ കടുത്ത നടപടിക്കൊരുങ്ങുന്നു

Untitled-1 copyദോഹ: എണ്ണ വിലിയിടിവിനെ തുടര്‍ന്നുള്ള സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ കൂടുതല്‍ കടുത്ത നടപടികള്‍ക്കൊരുങ്ങുന്നതായി സൂചന. സര്‍ക്കാര്‍ വകുപ്പുകളുടെ ചെലവ് ചുരുക്കലിന് പുറമേ പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. നികുതി പോലുള്ള പുതിയ വരുമാന മാര്‍ഗങ്ങള്‍ രാജ്യം അടിയന്തരമായി തേടണമെന്നും സര്‍ക്കാര്‍ സഹായങ്ങള്‍ യുക്തി ദീക്ഷയോടെ വേണമെന്നും വികസന- ആസൂത്രണ- സ്ഥിതിവിവരക്കണക്ക് വകുപ്പ് (എം ഡി എസ്പി) മന്ത്രി സാലിഹ് ബിന്‍ മുഹമ്മദ് അല്‍നാബിത് പറഞ്ഞതായി പ്രാദേശിക വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. കാര്‍നഗി മെലണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസം ശൂറ കൗണ്‍സില്‍ സമ്മേളനത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി നടത്തിയ പ്രഭാഷണത്തില്‍ സര്‍ക്കാരിന് കൂടുതല്‍ കാലം എല്ലാം നല്‍കാനാവില്ലെന്ന് പറഞ്ഞിരുന്നു. ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ മ്യൂസിയംസ്, അല്‍ജസീറ തുടങ്ങിയവയ്ക്കുള്ള ബജറ്റ് ഇപ്പോള്‍ തന്നെ വെട്ടിച്ചുരുക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം വ്യക്തികളിലേക്കും നീളുമെന്നാണ് മന്ത്രിയുടെ പ്രഭാഷണത്തിലെ സൂചനയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, ഏതെങ്കിലും പ്രത്യേക നികുതിയെക്കുറിച്ച് മന്ത്രി നബീത് വ്യക്തമാക്കിയിട്ടില്ല. ഖത്തറില്‍ നിലവില്‍ വില്‍പ്പന നികുതിയോ വരുമാന നികുതിയോ വ്യക്തികളില്‍ നിന്ന് ഈടാക്കുന്നില്ല. വിദേശ കമ്പനികളില്‍ നിന്ന് ഈടാക്കുന്ന 10 ശതമാനം കോര്‍പറേറ്റ് നികുതി മാത്രമാണ് രാജ്യത്തിനു ലഭിക്കുന്ന കാര്യമായ നികുതി വരുമാനം.

ഇന്ധനം, വൈദ്യുതി, വെള്ളം എന്നിവ വന്‍സബ്്‌സിഡിയോടെയാണ് രാജ്യത്തെ ജനങ്ങള്‍ക്കു ലഭിക്കുന്നത്. ഇന്ധന സബ്സിഡി കുറയ്ക്കാന്‍ പദ്ധതിയില്ലെന്ന് സെപ്തംബറില്‍ ഖത്തര്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതേസമയം, വെള്ളത്തിന്റെയും വൈദ്യുതിയുടെയും വില കഹ്്‌റമ ഈയിടെ കാര്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്.