ദോഹയില്‍ ഇന്ധനവില മെയ്‌ മുതല്‍ അന്താരാഷ്ട്ര വിപണിയനുസരിച്ച്‌

Untitled-1 copyദോഹ: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക്‌ അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തിനനുസരിച്ച്‌ ഖത്തറിലും പെട്രോളിനും ഡീസലിനും വിലയില്‍ മാറ്റവരുന്നു. ആഭ്യന്തരവിപണിയിലെ എണ്ണവില സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍െറ ചെയര്‍മാന്‍ ശൈഖ് മിഷാല്‍ ബിന്‍ ജാബര്‍ ആല്‍ഥാനിയാണ് ഇക്കാര്യം അറിയിച്ചത്. ഊര്‍ജ, വ്യവസായ മന്ത്രാലയം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനം നടപ്പാകുന്നതോടെ ഫലത്തില്‍ ഇന്ധന സബ്സിഡി സമ്പ്രദായം ഇല്ലാതെയാകും.

ആഭ്യന്തര വിപണിയിലെയും അന്താരാഷ്ട്രവിപണിയിലെയും എണ്ണവില തമ്മിലുള്ള വ്യത്യാസം സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ലോകത്തിലെ പല രാജ്യങ്ങളിലും എണ്ണവില അന്താരാഷ്ട്ര വിപണിവിലയുമായി ബന്ധപ്പെടുത്തിയാണ് നിശ്ചയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ തീരുമാനം നടപ്പാകുന്ന മേയില്‍ പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാകില്ളെന്നാണ് റിപ്പോര്‍ട്ട്. ഡീസല്‍ വിലയില്‍ ലിറ്ററിന് 10 ദിര്‍ഹത്തിന്‍െറ കുറവുണ്ടായേക്കുമെന്നും ‘ദി പെനിന്‍സുല’ റിപ്പോര്‍ട്ട് ചെയ്തു. ഊര്‍ജ, വ്യവസായ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ മേയിലെ ഇന്ധനവില പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം മേയില്‍ പ്രീമിയം പെട്രോള്‍ ഒരു ലിറ്ററിന് 1.15 റിയാലും സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 1.30 റിയാലുമാണ് വില. മേയില്‍ ഡീസലിന്‍െറ വില ലിറ്ററിന് 1.40 റിയാലായിരിക്കും. നിലവില്‍ ഡീസലിന് 1.50 റിയാലാണ് വില.

ഇന്ധന ഉപഭോഗം കാര്യക്ഷമമാക്കുകയും ഊര്‍ജ സംരക്ഷണത്തിന്‍െറ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനുമായാണ് ഇത്തരമൊരു നീക്കമെന്ന് ഊര്‍ജ വ്യവസായ മന്ത്രാലയം അറിയിച്ചു.