ദേശീയ വിരവിമുക്ത ദിനം: ആഗസ്റ്റ്‌ 10 ന്‌ മുഴുവന്‍ കുട്ടികള്‍ക്കും വിര ഗുളിക നല്‍കും

മലപ്പുറം: ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച്‌ ആഗസ്റ്റ്‌ 10 ന്‌ ജില്ലയിലെ ഒരു വയസിനും 19 നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഓരോ ഡോസ്‌ ആല്‍ബന്റസോള്‍ ഗുളിക നല്‍കും. ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സ്‌കൂളുകള്‍, അങ്കണവാടികള്‍ കേന്ദ്രീകരിച്ചാണ്‌ ഗുളിക വിതരണം നടത്തുക. ആഗസ്റ്റ്‌ 10 ന്‌ ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക്‌ സമ്പൂര്‍ണ വിരവിമുക്ത ദിനമായ 17 ന്‌ ഗുളിക ലഭ്യമാക്കും. ഗുളിക വിതരണം പൂര്‍ത്തിയാക്കാനും സമ്പൂര്‍ണ വിരനിര്‍മാര്‍ജന യജ്ഞത്തില്‍ പങ്കാളികളാവുന്നതിനുമുള്ള കര്‍മപദ്ധതിക്ക്‌ ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി.
സര്‍ക്കാര്‍- എയ്‌ഡഡ്‌- അണ്‍എയ്‌ഡഡ്‌ ഉള്‍പ്പെടെ മുഴുവന്‍ സ്‌കൂളുകളിലും അങ്കണവാടികളിലും അനാഥശാലകളിലുമെല്ലാം സൗജന്യമായി ഗുളിക വിതരണം ചെയ്യും. ഇതോടനുബന്ധിച്ച്‌ സ്‌കൂള്‍- അങ്കണവാടി അധ്യാപകര്‍ക്ക്‌ ബോധവത്‌ക്കരണം നല്‍കും. വായില്‍ അലിയിച്ചിറക്കാവുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത ഗുളിക ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ്‌ വെള്ളത്തോടൊപ്പം ചവച്ചരച്ചാണ്‌ കഴിക്കേണ്ടത്‌. ഒഴിഞ്ഞ വയറില്‍ ഗുളിക കഴിക്കരുത്‌. മറ്റ്‌ അസുഖങ്ങളുള്ളവര്‍ ഗുളിക കഴിക്കേണ്ടതില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്‌ അറിയിച്ചു.
സ്‌കൂളുകളിലും അങ്കണവാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികളും ഗുളിക കഴിക്കണം. ഒന്നു മുതല്‍ അഞ്ച്‌ വരെ പ്രായമുള്ളവര്‍ അടുത്തുള്ള അങ്കണവാടിയിലും ആറ്‌ മുതല്‍ 19 വരെയുള്ളവര്‍ അടുത്തുള്ള സ്‌കൂളിലും എത്തി ഗുളിക വാങ്ങി കഴിക്കണം. ഗുളിക വീടുകളില്‍ വിതരണം ചെയ്യില്ല. യോഗത്തില്‍ ആര്‍.സി.എച്ച്‌. ഓഫീസര്‍ ഡോ.ആര്‍. രേണുക, ജില്ലാ സര്‍വലന്‍സ്‌ ഓഫീസര്‍ ഡോ.എ. ഷിബുലാല്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.