ദേശീയ നാടകോത്സവം ഫെബ്രുവരി 13 മുതല്‍ കോട്ടയത്ത്

കോട്ടയം:ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ നാടകോത്സവം 2014 ഫെബ്രുവരി 13 മുതല്‍ 18 വരെ കോട്ടയത്ത് നടക്കും. നാടകോത്സത്തിന്റെ സ്വാഗതസംഘം ഓഫീസ് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ്, സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി. ജോസഫ് കളക്‌ട്രേറ്റില്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി രൂപീകരണയോഗത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. കേരളത്തിലെ നാടകമേഖലയുടെ പുനരുജ്ജീവനത്തിന് ദേശീയ നാടകമേള സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തില്‍ നാടകങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. ഇന്ന് നാടകമേഖലയ്ക്ക് സുഗമമായി മുന്നോട്ടുപോകുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പല സമിതികളും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഫലപ്രദമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ നാടകരംഗത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാകും. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പല നടപടികളും സ്വീകരിക്കുന്നുണ്ട്. അഞ്ചു ജില്ലകളില്‍ സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പ്രതിവാര നാടകങ്ങള്‍ക്ക് മികച്ച പ്രതികരണമാണുള്ളത്. നാടകത്തോട് ജനങ്ങള്‍ക്കുള്ള അഭിരുചി കുറഞ്ഞിട്ടില്ല എന്നതിന് വ്യക്തമായ തെളിവാണിത്. ഒട്ടേറെ പ്രമുഖ നാടക സമിതികളുടെ കേന്ദ്രമായിരുന്ന കോട്ടയം ജില്ലയില്‍ നടക്കുന്ന ദേശീയ നാടകോത്സവത്തിന്റെ സംഘാടനവുമായി എല്ലാവരും സഹകരിക്കണം- മന്ത്രി നിര്‍ദ്ദേശിച്ചു. വിപുലമായ സാംസ്‌കാരിക പാരമ്പര്യമുള്ള കോട്ടയത്തിന് ലഭിച്ച അംഗീകാരമാണ് ദേശീയ നാടകോത്സവമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ് പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി ആമുഖപ്രസംഗം നടത്തി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.വി. സുഭാഷ്, ഐ.&പി.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍ സി. രമേഷ് കുമാര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ. അബ്ദുല്‍ ഹക്കിം, കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എസ്. ബാഹുലേയന്‍ നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍. സന്തോഷ്, സാംസ്‌കാരിക, സാമൂഹിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു