ദേശീയ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌;കേരളത്തിന്റെ അനുമോള്‍ തമ്പിക്ക്‌ ആദ്യ സ്വര്‍ണം

anumol1കോഴിക്കോട്‌: 13-ാം ദേശീയ അത്‌ലറ്റില്‌ ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റെക്കോര്‍ഡോടെ കേരളം ആദ്യസ്വര്‍ണം സ്വന്തമാക്കി. വനിതകളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ അനുമോള്‍ തമ്പിയാണ്‌ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണം റെക്കോര്‍ഡോടെ സ്വന്തമാക്കിയത്‌.

ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ അനുമോള്‍ കഴിഞ്ഞവര്‍ഷം നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. അനുമോള്‍ 2014 ലെ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ വെള്ളിമെഡലും ദോഹയില്‍ നടന്ന യൂത്ത്‌ ഏഷ്യന്‍ മീറ്റില്‍ വെങ്കലവും നേടിയിട്ടുണ്ട്‌.

ഇത്തവണ കാലിക്കറ്റ് സര്‍വ്വകലാശാല സിന്തറ്റിക്ക് സ്റ്റേഡിയത്തിലാണ് മീറ്റ് നടക്കുന്നത്. ഇതാദ്യമായാണ് ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് കേരളം വേദിയാകുന്നത്. മലപ്പുറം ജില്ല അത്‌ലറ്റിക്ക് അസോസിയേഷന്‍ പ്രത്യേക താല്‍പര്യമെടുത്താണ് 13-ആമത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കേരളത്തിന്റെ മണ്ണിലെത്തിച്ചത്.

ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുളള 620-ല്‍ പരം കായിക താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. കേരളമാണ് നിലവിലത്തെ ചാമ്പ്യന്‍ന്മാര്‍. 100 പേരടങ്ങുന്ന ആതിഥേയരായ കേരള ടീം തന്നെയാണ് ഇത്തവണത്തെ ഏറ്റവും വലിയ സാന്നിധ്യവും. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ ടീമുകളും അന്‍പതിലധികം പേരെ പങ്കെടുപ്പിക്കുന്നുണ്ട്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമേളയില്‍ പുരുഷ വനിതാ വിഭാഗങ്ങളിലായി 25-ഓളം മത്സരങ്ങള്‍ നടക്കും.