ദേശീയപാത 17ന്റെ സ്ഥലമെടുപ്പ് സര്‍വെ ജുലൈ ഒന്നിന് തുടങ്ങും

മലപ്പുറം : ദേശീയപാത 17ന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ സര്‍വെ ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന് മലപ്പുറം ജില്ലാ കലക്റ്റര്‍ കെ. ബിജു. സമര സമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കലക്റ്റര്‍ ഇക്കാര്യമറിയിച്ചത്.

ഭൂമി വിട്ട് നല്‍കുന്നവര്‍ക്ക് പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു.. ദേശീയപാത അലൈമന്റുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ ദേശീയപാതാ അധികൃതരോട് കലക്റ്റര്‍ ആവശ്യപ്പെട്ടു. ഏഴ് സ്ഥലങ്ങളിലാണ് ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടുള്ളത്. സര്‍വെ നടപടികള്‍ക്ക് ശേഷം ഭൂമി വില നിര്‍ണയം നടത്തും. വിപണി വിലയും ഭൂമി നല്‍കുന്നവര്‍ക്ക് നല്‍കേണ്ട വിലയും സംബന്ധിച്ച് സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും കലക്റ്റര്‍ പറഞ്ഞു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയിരുന്നു. ഇടിമുഴിക്കല്‍ മുതല്‍ പാലപ്പെട്ടി വരെ 85 മീറ്ററിലാണ് ജില്ലയില്‍ പാത കടന്ന് പോകുന്നത്.

സബ്കലക്റ്റര്‍ റ്റി. മിത്ര, ആര്‍.ഡി.ഒ കെ. ഗോപാലന്‍, എ.ഡി.എം പി. മുരളീധരന്‍, ഡെപ്യൂട്ടി കലക്റ്റര്‍ വി. രാമചന്ദ്രന്‍, ദേശീയപാത അതോറിറ്റി അധികൃതര്‍, സമര സമിതി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.