ദുല്‍ഖര്‍ സല്‍മാന് നായികയെ തേടുന്നു

28-dulkar-salman2എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ചിത്രത്തിന് ഒരു പുതുമുഖ നായികയെ തേടുന്നു. 20 നും 25 നും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെയാണ് ദുല്‍ഖറിന് വേണ്ടി തേടുന്നത്. ഒരു മോഡേണ്‍ മലയാളി പെണ്‍കുട്ടിയായിരിക്കണം. താത്പര്യമുള്ളവര്‍ തങ്ങളുടെ ഫോട്ടോ, ഫോട്ടോ ഷോപ്പ് ചെയ്യാതെ martinprakkatfilms@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയച്ചുകൊടുക്കുക.

ദുല്‍ഖറും മാര്‍ട്ടിനും നേരത്തെ ഒന്നിച്ച എബിസിഡി എന്ന ചിത്രത്തിലും നായിക പുതുമുഖമായിരുന്നു. അപര്‍ണ ഗോപിനാഥിനെ മലയാളത്തിന് പരിചയപ്പെടുത്തിയത് മാര്‍ട്ടിന്‍ പ്രകാട്ടാണ്. ഈ പുതിയ ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ അപര്‍ണ എത്തുന്നുണ്ട്. പക്ഷെ നായികയല്ല. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ദുല്‍ഖറിനോളം പ്രധാന്യം നായികയ്ക്കുമുണ്ടെന്ന് നേരത്തെ മാര്‍ട്ടിന്‍ പ്രകാട്ട് പറഞ്ഞിരുന്നു.

എബിസിഡി എന്ന ചിത്രത്തിന്റെ മറ്റൊരു രൂപമായിരിക്കും ചിത്രമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് 10ന് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ മാര്‍ട്ടിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണിത്.

മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഗുജറാത്ത്, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങിലായാകും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. റഫീക് അഹ്മദും സന്തോഷ് വര്‍മ്മയും എഴുതുന്ന ഗാനങ്ങള്‍ക്ക് ഗോപീ സുന്ദര്‍ സംഗീതം നല്‍കും. ജോമോന്‍ ടി. ജോണാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, നീരജ് മാധവ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.