ദുരിതമനുഭവിക്കുന്നവരുടെ അത്താണിയായാണ് സര്‍ക്കാര്‍പ്രവര്‍ത്തിക്കുന്നത്: മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ

ദുരിതമനുഭവിക്കുന്നവരുടെ അത്താണിയായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഓഖി ദുരന്തത്തിനിരയായ എല്ലാവര്‍ക്കും ആശ്വാസം പകരുന്ന പദ്ധതികള്‍ നടപ്പാക്കിയതായും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ഓഖി ദുരന്തത്തില്‍ കാണാതാവുകയോ മരിക്കുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് മുട്ടത്തറയിലെ വലനെയ്ത്തു ഫാക്ടറിയില്‍ തൊഴില്‍ നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ തുടര്‍ച്ചയായാണ് 42 സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നത്. പ്രളയ ദുരന്ത കാലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ഇതിനു ശേഷം റോഡ് അപകടത്തില്‍ മരിക്കുകയും ചെയ്ത ജിനീഷിന്റെ കുടുംബത്തിന് വീടു വച്ചു നല്‍കാന്‍ ആലോചിക്കുന്നു.  ഭര്‍ത്താവില്ലാത്തതിനാല്‍ ദുരിതം അനുഭവിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ഓഖിയില്‍ ഭര്‍ത്താക്കന്‍മാര്‍ നഷ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കിയത്. 41 പേര്‍ക്ക് മുട്ടത്തറയിലെ ഫാക്ടറിയിലും ഒരാള്‍ക്ക് കണ്ണൂരിലെ ഫാക്ടറിയിലുമാണ് ജോലി നല്‍കുന്നത്. 40 വയസില്‍ താഴെയുള്ളവരാണ് എല്ലാവരും. കുട്ടികളെ ബോര്‍ഡിംഗില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും. ഓഖിയില്‍ മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 2037 വരെയുള്ള വിദ്യാഭ്യാസ ചെലവിന് തുക നീക്കി വച്ചു. ഓഖി തകര്‍ത്ത കുടുംബങ്ങളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടരും.
കടല്‍ക്ഷോഭം രൂക്ഷമായ മേഖലയിലുള്ളവരെ തീരത്തു നിന്ന് മാറ്റി പാര്‍പ്പിക്കാനുള്ള നടപടിയുണ്ടാവും. ശംഖുംമുഖം മുതല്‍ പുത്തന്‍തുറ വരെയുള്ളവരെ മാറ്റി പാര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് മന്ത്രി കൈമാറി.
മത്സ്യഫെഡ് ചെയര്‍മാന്‍ പി. പി. ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ചു. എം. ഡി ഡോ. ലോറന്‍സ് ഹാരോള്‍ഡ്, ഭരണ സമിതി അംഗങ്ങള്‍, മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.