ദുരന്ത ദിവസത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ബുദ്ധിമുട്ടായി;ഡിജിപി

senkumar_1140x490തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തമുണ്ടായ ദിവസം സംഭവ സ്ഥലത്ത് പ്രധാനമന്ത്രിയും രാഹുല്‍ ‍ഗാന്ധിയും സന്ദര്‍ശനം നടത്തുന്നതിനെ എതിര്‍ത്തിരുന്നെന്നു ‍ഡിജിപി ടി.പി. സെന്‍കുമാര്‍. ദി ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് ഡി.ജി.പി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ദുരന്തമുണ്ടായി 12 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിക്കുന്നതിനെ ഞാന്‍ എതിര്‍ത്തിരുന്നു. പ്രധാനമന്ത്രി പിറ്റേദിവസം സ്ഥലത്തെത്തുന്നതായിരിക്കും നല്ലതെന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിക്ക് ആ ദിവസം തന്നെ അവിടെ എത്തണമായിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലുമായി പോലീസ് സേന മുഴുവന്‍ രാവിലെ മുതല്‍ തിരക്കിലായിരുന്നു. ഒട്ടേറെ ജോലികള്‍ ബാക്കിയുണ്ട്. എല്ലാവരും ക്ഷീണിതരുമായിരുന്നു. അവിടെ കുടിക്കാന്‍ പോലും വെള്ളമുണ്ടായിരുന്നില്ല. പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും സുരക്ഷയൊരുക്കാനുള്ള കാര്യങ്ങളും ചെയ്തുതീര്‍ക്കണമായിരുന്നു.’ അദ്ദേഹം പറയുന്നു.