ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയുമായി എക്‌സൈസ് വകുപ്പ്.

പരപ്പനങ്ങാടി: കേരള എക്‌സൈസ് വകുപ്പ് അതിന്റെ മുഖം മാറ്റുന്നു. ലഹരിവര്‍ജ്ജന മുദ്രാവാക്യമുയര്‍ത്തുന്ന ‘വരല്ലേ ഇനിയും വരല്ലേ’ എന്ന തെരുവുനാടകം പരപ്പനങ്ങാടിയില്‍ അരങ്ങേറിയപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

 

കേരള എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയില്‍നിന്നുള്ള എക്‌സൈസുകാര്‍ അവതരിപ്പിച്ച ഈ നാടകത്തില്‍ ലഹരി എന്ന മാരകരോഗം സമൂഹത്തിന്റെ നാനാതുറകളിലുള്ള ജനവിഭാഗങ്ങളിലേക്കും ഗ്രസിച്ചിരിക്കുന്നത് എങ്ങനെയെന്ന് വരച്ചുകാട്ടുന്നതായിരുന്നു. നാടകത്തിനകത്തെ ഓരോ ചെറുനാടകങ്ങളും ആസ്വാദകരെ മനസ്സിലേക്ക് നിരവധി നീറുന്ന ചോദ്യങ്ങളുയര്‍ത്തി.

 

ലഹരിവസ്തുക്കള്‍ കുടുംബബന്ധങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ കൃത്യമായി വരച്ചുകാട്ടാന്‍ കെ.സി. കരുണാകരന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കഴിഞ്ഞു.
നാടകത്തിനോടനുബന്ധിച്ച് നടന്ന പരിപാടികള്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജമീലടീച്ചര്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജയരാജന്‍ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു എന്നിവര്‍ സംസാരിച്ചു.