ദുബായ്‌ വിസ ഇനി ഇമെയിലില്‍

ദുബായ്‌: ഇനിമുതല്‍ ദൂബായില്‍ വിസ ഇമെയില്‍ ലഭിക്കും. എമിഗ്രേഷന്‍ ഓഫീസുകളില്‍ കയറി ഇറങ്ങാതെ തന്നെ വിസാ നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ജിഡിആര്‍എഫ്‌എ ദുബായിയുടെ ഇവിഷന്‍ സംവിധാനം എമിഗ്രേഷന്‍ വകുപ്പ്‌ കൂടുതല്‍ എളുപ്പമാക്കി. വിസാ അപേക്ഷകര്‍ക്ക്‌ ഓഫീസുകളില്‍ പോയി കാത്തിരിക്കാതെ ഇമെയിലിലൂടെ വിസകള്‍ കൈകളിലെത്തുമെന്നാണ്‌ പുതിയ പരിഷ്‌ക്കാരത്തിന്റെ പ്രധാന ആകര്‍ഷണം. ടൈപിംങ്‌ സെന്ററുകള്‍ വഴി വിസക്ക്‌ അര്‍ഹതയുള്ള അസല്‍ രേഖകളുടെ പകര്‍പ്പുകള്‍ വെച്ച്‌ അപേക്ഷിക്കണം. ഇപ്പോള്‍ ദുബായില്‍ ഇവിഷന്‍ സംവിധാനത്തിലൂടെ മാത്രമാണ്‌ താമസകുടിയേറ്റ രേഖകള്‍ ശരിയാക്കാനും സമര്‍പ്പിക്കാനും സാധിക്കുക.

യുഎഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാശിദ്‌ ആല്‍ മക്തൂമിന്റെ ജനസേവനങ്ങളെ കുറിച്ചുള്ള പ്രഖ്യാപനങ്ങളുടെ ചുവട്‌ പിടിച്ചാണ്‌ കഴിഞ്ഞ വര്‍ഷം ദുബായ്‌ താമസകുടിയേറ്റ വകുപ്പ്‌ ഇ വിഷന്‍ സംവിധാനം നടപ്പിലാക്കിയത്‌. ഇതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന രീതികളെ ഘട്ടം ഘട്ടമായി ഇവിഷന്‍ മാര്‍ഗത്തിലേക്ക്‌ മാറ്റിയിരുന്നു. താമസവിസ എടുക്കുന്നതിനും അത്‌ പുതുക്കുന്നതിനും മറ്റുള്ള നടപടിക്രമങ്ങള്‍ക്കും പൂര്‍ണമായും ഇസംവിധാനത്തിലൂടെയുള്ള നടപടിയാണ്‌ ഇപ്പോള്‍ നിലവിലുള്ളത്‌.

ഒറിജിനല്‍ രേഖകളുടെ അസല്‍ പകര്‍പ്പുകള്‍ വെച്ച്‌ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ വകുപ്പ്‌ വിശദമായി പരിശോധിച്ച്‌ അര്‍ഹതയുള്ളവരുടെ വിസ പകര്‍പ്പുകള്‍ ഇടപാടുകാരുടെ ഇമെയിലിലേക്ക്‌ വകുപ്പ്‌ നേരിട്ട്‌ അയച്ചു കൊടുക്കും. ഒപ്പം മൊബൈല്‍ നമ്പറില്‍ നിര്‍ദേശവും ലഭിക്കും.

മുന്‍കാലത്ത് വിസ നടപടികള്‍ക്ക് ഉണ്ടായിരുന്ന രേഖകള്‍ക്ക് പുറമെ സ്പോണ്‍സര്‍ ചെയ്യുന്ന ആളുടെ യു എ ഇ തിരിച്ചറിയല്‍ കാര്‍ഡ് ഒര്‍ജിനല്‍, അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ട്, സ്പോണ്‍സറുടെ ഇമെയില്‍ ഐ ഡി എന്നിവ ഇ വിഷനിലുടെ അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തിയിരിക്കണം. ഉപഭോക്താവിന് കുടുതല്‍ വേഗത്തില്‍ ലഭിക്കുന്നതിന് അര്‍ജന്റ് സംവിധാനവും നിലവിലുണ്ട്. ദുബായിയെ എല്ലാ മേഖലകളിലും അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുകയെന്ന ഭരണാധികാരികളുടെ ലക്ഷ്യം സാക്ഷാത്കരിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ജന സേവനങ്ങള്‍ കുടുതല്‍ മികച്ച രീതിയില്‍ കൊണ്ടുവരാനാണ് വകൂപ്പ് ശ്രമിക്കുന്നത്.