ദില്ലിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ഫ്‌ളൈ ഓവറില്‍ നിന്ന് താഴേക്ക് പതിച്ച് 2 മരണം

ന്യൂഡൽഹി: ദില്ലിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ഫ്‌ളൈ ഓവറില്‍ നിന്ന് താഴേക്ക് പതിച്ച് 2 മരണം.പരീക്ഷയെഴുതാൻ  7 വിദ്യാർഥികളുമായി പോയ ഹോണ്ടസിറ്റി കാർ ഫ്ളൈ ഓവറിൽ നിന്ന് താഴേക്ക് പതിച്ചാണ് അപകടം സംഭവിച്ചത്. മറ്റ് അഞ്ചുപേരും ഗുരുതരാവസ്ഥയിലാണ്. ഇവരെ ഡൽഹിയിലെ എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡൽഹി ഇൻസ്റ്റിസ്റ്റിറ്റ്യൂട്ട് ഓഫ് പ്രഫഷണൽ സ്റ്റഡീസിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അഞ്ച് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും നരേലയിലെ ഐ.പി കോളജിലേക്ക് പരീക്ഷയെഴുതാൻ പോകവെ രാവിലെ എട്ടുമണിയോടെ പഞ്ചാബി ബാഗ് ഏരിയയിലാണ് സംഭവം.

വിദ്യാർഥികളിലൊരാൾ ഓടിച്ചിരുന്ന കാറിന് വേഗത കൂടുതലായിരുന്നുവെന്നും സ്കിഡ് ചെയ്ത കാർ ഡിവൈഡറിൽ തട്ടി ഫ്ളൈ ഓവറിന് താഴോട്ട് തലകീഴായി പതിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ട് വിദ്യാർഥികൾ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

രജത് (18) എന്ന വിദ്യാർഥിയാണ് കാറോടിച്ചിരുന്നതെന്നും ഇയാൾക്ക് ലൈസൻസ് ഉണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. വഴിയാത്രക്കാരൻ നൽകിയ വിവരമനുസരിച്ചാണ് പൊലീസ് അപകടം നടന്ന സ്ഥലത്തെത്തിയത്. 15 മിനിറ്റോളം സമയമെടുത്താണ് വിദ്യാർഥികളെ കാറിൽ നിന്ന് പുറത്തെത്തിച്ചത്. സഞ്ചിത്(18), റിതു(18) എന്നിവർ എന്നിവർ ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരിച്ചിരുന്നു.