ത്യാഗത്തിന്റെ ഓര്‍മകളുണര്‍ത്തി ഇന്ന് ബലിപെരുന്നാള്‍.

കോഴിക്കോട് : ത്യാഗത്തിന്റെയും ആത്മസപര്‍പ്പണത്തിന്റെയും ഓര്‍മപുതുക്കി ഒരു ബലിപെരുന്നാള്‍ ദിനം കൂടി കടന്നുപോകുന്നു. മലബാറിലെ ഇസ്ലാംമത വിശ്വാസികള്‍ വെള്ളിയാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്.

ഇബ്രാഹിം നബി മകന്‍ ഇസ്മായിലിനെ ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ ഓര്‍മയ്ക്കായാണ് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രതീകാത്മകമായി മൃഗബലി നടത്തി ബലി മാംസം പാവങ്ങള്‍ക്കും അയല്‍പക്കകാര്‍ക്കും വിതരണം ചെയ്യും.

വിശുദ്ധ ഹജ്ജിന്റെ സമാപ്തികുറിച്ച് ദുല്‍ഹജ് പത്താം ദിവസമാണ് ബലിപെരുന്നാള്‍ ആഘോഷിക്കുക.

മലബാറിലുടനീളം പള്ളികള്‍ക്ക് പുറമെ ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌ക്കാരം നടന്നു. ആയിരങ്ങള്‍ നമസ്‌ക്കാരത്തില്‍ പങ്കുചേര്‍ന്നു. പരസ്പരം ആശംസകള്‍ നേര്‍ന്നും ആശ്ലേഷിച്ചും വിശ്വാസികള്‍ സ്‌നേഹം പങ്കിട്ടു. വീടുകളിലും പെരുന്നാള്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. പുതുവസ്ത്രങ്ങളണിഞ്ഞും മൈലാഞ്ചിയിട്ടും കുട്ടികളും മുതിര്‍ന്നവരും പെരുന്നാള്‍ ആഘോഷിക്കുകയാണ്.