തെറ്റായ വിവരങ്ങള്‍ നല്‍കിയ മന്ത്രി ജയലക്ഷ്മിക്കെതിരെ കോടതി കേസെടുത്തു

മാനന്തവാടി : നാമനിര്‍ദേശപത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലും തെരഞ്ഞെടുപ്പ് ചെലവ് കണക്കിലും തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് മന്ത്രി പികെ ജയലക്ഷ്മിക്കെതിരെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസെടുത്ത് സമന്‍സയച്ചു. ഡിസംബര്‍ 28 ന് ജയലക്ഷ്മി നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരാകണം. ബത്തേരിയിലെ കെ പി ജീവന്‍ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കേസെടുത്തിരിക്കുന്നത്.

ജനപ്രാതിനിധ്യനിയമം 125 എ, ഇന്ത്യന്‍ ശിക്ഷാ നിയമം 171 എ വകുപ്പുകള്‍ പ്രകാരമാണ്‌കേസെടുത്തിരിക്കുന്നത്. 3,91,584 രൂപ തെരഞ്ഞെടുപ്പ് ചെലവിന് ചെലവാക്കിയെന്നാണ് ജയലക്ഷ്മി നല്‍കിയ കണക്ക്. എന്നാല്‍ നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം എസ്ബിഐ മാനന്തവാടി ശാഖയിലേക്ക് ജയലക്ഷ്മിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ വരികയും ഇത് തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചെന്നുമാണ് ഹരജിയില്‍ പറയുന്നത്.

2011 മാര്‍ച്ച് 24 നും വോട്ടെടുപ്പ് നടന്ന ഏപ്രില്‍ നാലിനുമിടയില്‍ ജയലക്ഷമിയുടെ അക്കൗണ്ടില്‍ 10 ലക്ഷം രൂപ വരികയും ആ തുക നാലുഘട്ടമായി പിന്‍വലിച്ചന്നെും ബാങ്ക്മാനേജര്‍ നല്‍കിയ സ്റ്റേറ്റ്‌മെന്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ ജയലക്ഷ്മിയുടെ വിദ്യഭാസ യോഗത്യ പ്ലസ് ടു മാത്രമാണെന്നും കോടതി നേരത്തെ വിലയിരുത്തിയിരുന്നു. എന്നാല്‍ ഇവര്‍ നാമനിര്‍ദേശപത്രികയില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിഎ ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനും നേടിയെന്നാണ് ഇവര്‍ നാമനിര്‍ദേശ പത്രികയോടൊപ്പമുഴള്ള സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നത്. എന്നാല്‍ തെറ്റിദ്ധാരണ മൂലമാണ് ഇങ്ങനെ രേഖപ്പെടുത്തിയതെന്ന് വക്കീല്‍ നോട്ടീസിന് മറുപടിയായി മന്ത്രി മറുപടി നല്‍കിയിരുന്നു.