തെരഞ്ഞെടുപ്പ്‌ വിജ്ഞാപനമായി: പൊതു നോട്ടീസ്‌ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത്‌ മെയ്‌ 16ന്‌ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജനപ്രാതിനിധ്യ നിയമം 1951-ലെ 15-ാം വകുപ്പ്‌ പ്രകാരം തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഗവര്‍ണറാണ്‌ ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്‌. ഇതേ തുടര്‍ന്ന്‌ ഫോം ഒന്നില്‍ പൊതു നോട്ടീസ്‌ (പബ്ലിക്‌ നോട്ടീസ്‌) തയ്യാറാക്കി തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങള്‍ക്ക്‌ വ്യാപക പ്രചാരണം നല്‍കുന്നതിനായി റിട്ടേണിങ്‌ ഓഫീസര്‍മാരുടെ കാര്യാലയത്തിലും മറ്റ്‌ പൊതുസ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഇതു പ്രകാരം ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേശപതി, ചെലവ്‌ നിരീക്ഷകരായ അമിത്‌ ദൊരെരാജു, രവീന്ദ്രബെനകടി എന്നിവരുടെ സാന്നിധ്യത്തില്‍ തിരൂരങ്ങാടി മണ്ഡലം റിട്ടേണിങ്‌ ഓഫീസറായ എല്‍. എ ഡെപ്യൂട്ടി കലക്‌ടര്‍ പി.വി. മോന്‍സി കലക്‌ടറുടെ ചേംബറിന്‌ മുന്നിലെ നോട്ടീസ്‌ ബോര്‍ഡില്‍ പൊതു നോട്ടീസ്‌ പതിച്ചു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട തീയതി, പിന്‍വലിക്കാനുള്ള തീയതി, സൂക്ഷ്‌മ പരിശോധന നടത്തുന്ന ദിവസം, സമയം, സ്ഥലം, റിട്ടേണിങ്‌ ഓഫീസര്‍, അസി. റിട്ടേണിങ്‌ ഓഫീസമാരുടെ വിവരം എന്നിവയാണ്‌ ഇംഗ്ലീഷിലും മലയാളത്തിലും പൊതു നോട്ടീസിലുള്ളത്‌.