തെരഞ്ഞെടുപ്പ്‌ പ്രചാരണ പരസ്യങ്ങള്‍: മുന്‍കൂര്‍ അനുമതി വാങ്ങണം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ അച്ചടി – ദൃശ്യ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍ നല്‍കുന്നതിന്‌ മീഡീയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ്‌ മോണിറ്ററിങ്‌ കമ്മിറ്റി (എം.സി.എം.സി.) നോഡല്‍ ഓഫീസറില്‍ നിന്നും അനുമതി വാങ്ങണമെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ കൂടിയായ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. രാഷ്‌ട്രീയപാര്‍ട്ടികള്‍, പൊതുജനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ സ്ഥാനാര്‍ഥികള്‍ക്ക്‌ വേണ്ടി നല്‍കുന്ന പരസ്യങ്ങള്‍ക്കാണ്‌ അനുമതി വാങ്ങേണ്ടത്‌. പരസ്യം പ്രചരിപ്പിക്കുന്നതിന്റെ രണ്ട്‌ ദിവസം മുന്‍പെങ്കിലും അനുമതി വാങ്ങണം. ഡോ. ഡി. സജിത്‌ ബാബുവാണ്‌ എം.സി.എം.സി. നോഡല്‍ ഓഫീസര്‍. സംസ്ഥാനം, ജില്ല, നിയമസഭാ മണ്‌ഡലത്തിന്റെ പേര്‌, നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര്‌, പാര്‍ട്ടി, എന്നിവ സഹിതമാണ്‌ അനുമതി ലഭിക്കുന്നതിന്‌ അപേക്ഷിക്കേണ്ടത്‌. പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പത്രം/മാസിക, സര്‍ക്കുലേഷന്‍, പരസ്യത്തിന്റെ വലുപ്പം, പരസ്യം നല്‍കുന്നതിനുള്ള തുക തുടങ്ങിയ വിവരങ്ങളും അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.