തെരഞ്ഞെടുപ്പ്‌ പ്രചാരണം പരിസ്ഥിതി സൗഹൃദമാക്കണം

28kimpp01_Graffiti__259986eനിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്‌ ജില്ലാ ശുചിത്വമിഷന്‍ കര്‍മരേഖ തയ്യാറാക്കി. തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക്‌ ബോര്‍ഡുകളും ഫ്‌ളക്‌സും കൊടിതോരണങ്ങളും സൃഷ്‌ടിക്കുന്ന പാരിസ്ഥിക ദുരന്തങ്ങള്‍ക്കെതിരെ കലക്‌ടറേറ്റില്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ ടി.പി. ഹൈദറലി, പ്രോഗ്രാം ഓഫീസര്‍ ജ്യോതിശ്‌ എന്നിവര്‍ ബോധവത്‌ക്കരണം നടത്തി.
പ്ലാസ്റ്റിക്കിന്റെ അമിതോപയോഗവും കത്തിക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ കൊണ്ടും പലതരം രോഗങ്ങളാണ്‌ വേട്ടയാടി കൊണ്ടിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി കാന്‍സര്‍, വന്ധ്യത, ത്വക്ക്‌ രോഗങ്ങള്‍, അലര്‍ജി, ശ്വാസംമുട്ട്‌ തുടങ്ങിയ പ്രയാസങ്ങള്‍, വൈകല്യ ബാധിതരായി ജനിച്ചു വീഴുന്ന കുട്ടികളുടെ എണ്ണം തുടങ്ങിയവ ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്‌.
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക്‌/ ഫ്‌ളക്‌സ്‌ രഹിത പ്രചാരണം ഏര്‍പ്പെടുത്താന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന്‌ ശുചിത്വമിഷന്‍ അഭ്യര്‍ഥിച്ചു. ഫ്‌ളക്‌സിനു പകരം അതേ രൂപഭാവങ്ങള്‍ നിലനിര്‍ത്തുന്ന തുണി, പേപ്പര്‍, ഇക്കോസൈന്‍ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്‌തുക്കള്‍ ലഭ്യമാണ്‌. പുനരുപയോഗിക്കാനോ പുന:ചംക്രമണത്തിന്‌ വിധേയമാക്കാനോ പറ്റുന്ന തരത്തിലുള്ള സാധന സാമഗ്രികള്‍ വഴിയുള്ള പ്രചാരണത്തിന്‌ നേതൃത്വം നല്‍കാനുള്ള ഇച്ഛാശക്തി രാഷ്‌ട്രീയ പാര്‍ട്ടികള്‍ കാണിക്കണം
കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി നടന്ന ഹരിത ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍, കേരളത്തില്‍ ഏറ്റവുമധികം സ്‌ത്രീകള്‍ പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാല, ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം, കഴിഞ്ഞ ദേശീയ ഗെയിംസ്‌ എന്നിവിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക്കിനെ ഒരു പരിധിക്കപ്പുറം പുറത്ത്‌ നിര്‍ത്താനായത്‌ മാതൃകാപരമാണ്‌.