‘തെന്നല റൈസ്‌ ‘ വിപണനത്തിന്‌ കമ്പനിയായി

riceതെന്നല ഗ്രാമപഞ്ചായത്തില്‍ പൂര്‍ണമായും ജൈവരീതിയില്‍ ഉത്‌പാദിപ്പിക്കുന്ന ‘തെന്നല റൈസ്‌’-എം ജൈവ അരിയുടെ വിപണനം വ്യാപകമാക്കാന്‍ പ്രൊഡ്യൂസര്‍ കമ്പനി രൂപവത്‌ക്കരിച്ചു. കുടുംബശ്രീ സി.ഡി.എസ്‌ അംഗങ്ങളായ 10 വനിതകള്‍ ഉള്‍പ്പെട്ട ഡയറക്‌ടര്‍ ബോര്‍ഡ്‌ രൂപവത്‌കരിച്ചാണ്‌ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയത്‌. ഇതിനായി പഞ്ചായത്ത്‌ ഓഫീസില്‍ പ്രത്യേകം ഓഫീസ്‌ തുറന്നു. 131 സംഘ കൃഷി യൂനിറ്റുകളെ 10 ക്ലസ്റ്ററുകളാക്കി അതില്‍ നിന്നും ഓരോ പ്രതിനിധികളെ തിരഞ്ഞെടുത്താണ്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ രൂപവത്‌കരിച്ചത്‌. സര്‍ട്ടിഫിക്കറ്റ്‌ ലഭ്യമായാല്‍ ഓഹരി സമാഹരണം ആരംഭിക്കാനാണ്‌ തീരുമാനം. 1000 രൂപയുടെ 1000 ഓഹരികളാണ്‌ സമാഹരിക്കുക.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായി 2013 ലാണ്‌ തെന്നലയില്‍ ജൈവനെല്‍കൃഷി തുടങ്ങിയത്‌. 2014 ജൂണില്‍ വിപണനവും ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ 18,000 കിലോ അരിയാണ്‌ പഞ്ചായത്ത്‌ നേരിട്ട്‌ വിറ്റഴിച്ചത്‌. ബാങ്കുകള്‍ വഴി കുറഞ്ഞ പലിശയ്‌ക്ക്‌ വായ്‌പകള്‍ ലഭ്യമാക്കി തരിശ്‌ ഭൂമിയില്‍ കൃഷിയിറക്കിയായിരുന്നു പദ്ധതിയുടെ തുടക്കം. ഇടനിലക്കാരില്ലാതെ ന്യായമായ വിലയ്‌ക്ക്‌ നെല്ല്‌ സംഭരിച്ച്‌ വില്‌പന നടത്താനാണ്‌ തീരുമാനമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാതോളി നഫീസു പറഞ്ഞു.