തെന്നലയില്‍ ലീഗിന്‌ മങ്ങലേല്‍പ്പിച്ചത്‌ പഞ്ചായത്ത്‌ നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന്‌ അണികള്‍

kottakkalകോട്ടക്കല്‍: ലീഗിന്റെ കുത്തകയായ തെന്നല പഞ്ചായത്തില്‍ തിരെഞ്ഞെടുപ്പു ഫലം ലീഗിന്‌ മങ്ങലേല്‍പ്പിച്ചത്‌ ചര്‍ച്ചവിഷയമാകുന്നു. മികച്ച ഭൂരിപക്ഷം ലഭിക്കാതെ പോയത്‌ മുസ്ലീംലീഗ്‌ പഞ്ചായത്ത്‌ നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന അഭിപ്രായം അണികള്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്‌. കഴിഞ്ഞ തവണ യുഡിഎഫ്‌ സംവിധാനത്തില്‍ തെന്നല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ലീഗ്‌ 14 സീറ്റും കോണ്‍ഗ്രസ്‌ 3 സീറ്റും സ്വന്തമാക്കിയിരുന്നു. എന്നാല്‍ പുതിയ തിരെഞ്ഞെടുപ്പില്‍ ലീഗിനെതിരെ കോണ്‍ഗ്രസ്‌ മറ്റു പാര്‍ട്ടികളെ അണിനിരത്തി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ലീഗിന്‌ 10 സീറ്റു മാത്രമാണ്‌ നേടാനായത്‌. അതില്‍ തന്നെ 3 സീറ്റുകളില്‍ നേരിയ ഭൂരിപക്ഷത്തിനാണ്‌ ജയിച്ചു കയറിയത്‌.

തിരഞ്ഞടുപ്പിന്‌ മുമ്പ്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ട 4 സീറ്റു നല്‍കാന്‍ ലീഗ്‌ നേതൃത്വം തയ്യാറാവാതിരുന്നതോടെയാണ്‌ ജനകീയ മുന്നണിയുമായി കോണ്‍ഗ്രസ്‌ ലീഗിനെ നേരിട്ടത്‌. കോണ്‍ഗ്രസിന്‌ ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കിയിരുന്നങ്കില്‍ മറ്റു മുന്നണികള്‍ ലീഗിനെതിരെ ഒന്നിക്കുന്നത്‌ ഒഴിവാക്കാമായിരുന്നന്നാണ്‌ ലീഗ്‌ പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. പ്രാദേശിക ലീഗ്‌ നേതൃത്വത്തിലെ പ്രമുഖന്റെ പിടിവാശിയാണ്‌ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന ആക്ഷേപവും വ്യാപകമാണ്‌.

കഴിഞ്ഞ തവണത്തെ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ടായ അഷ്‌റഫ്‌ തെന്നല, തെന്നല പഞ്ചായത്ത്‌ മുസ്ലീംലീഗ്‌ ജനറല്‍ സെക്രട്ടറി എന്‍ പി കുഞ്ഞിമൊയ്‌തീന്‍ എന്നിവരാണ്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക്‌ കൂടുതലായി നിര്‍ദേശിക്കപ്പെട്ട രണ്ടു വ്യക്തികള്‍.ഇതില്‍ തന്നെ അഷ്‌റഫ്‌ തെന്നലക്കാണ്‌ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്‌. കഴിഞ്ഞ തവണ തെന്നലയില്‍ നിന്നുള്ള ബ്ലോക്‌ മെമ്പറായിരുന്ന എന്‍ പി കുഞ്ഞിമൊയ്‌തീന്‍ നിലവില്‍ തെന്നല 3 ാം വാര്‍ഡില്‍ നിന്നും അഷ്‌റഫ്‌ തെന്നല 4 ാം വാര്‍ഡില്‍ നിന്നുമാണ്‌ വിജയിച്ചത്‌.