തെക്കന്‍ കേരളത്തില്‍ കനത്ത മഴ; മരണം 5

തിരു: തമിഴ്‌നാടിന്റെ തീരത്ത് കനത്ത നാശം വിതച്ച താനെ കൊടുങ്കാറ്റിനെ തുടര്‍ന്ന് രൂപം കൊണ്ട കനത്ത മഴ തെക്കന്‍ കേരളത്തിലും വന്‍ നാശം വിതച്ചു. തിരുവന്തപുരം ജില്ലയില്‍ മൂന്നുവയസുള്ള കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. ഒരുയുവാവിനെ കാണാതായി. തലസ്ഥാന നഗരം വെള്ളത്തില്‍ മുങ്ങി റോഡ് റെയില്‍ ഗതാഗതം ഭാഗികമായി സ്തംഭിച്ചു.

തിരുവന്തപുരം മുട്ടട പണയില്‍ വീട്ടില്‍ കലേഷിന്റെയും രജനിയുടെയും ഏകമകള്‍ ആദിത്യ(3), കണ്ണംമൂലത്തോട്ടില്‍ ഒഴുക്കില്‍പെട്ട് മരിക്കുകയായിരുന്നു. ആദിത്യനെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് കലേഷിനെയാണ് കാണാതായ്.
വര്‍ക്കല സ്വദേശി ലളിതാംബിക, ചെറുമകള്‍ നന്ദന, വിളപ്പില്‍ സ്വദേശി സുമതി (62), ആറാലംമൂട് മൃഗാശുപത്രി ജീവനക്കാരന്‍ മോഹനന്‍ എന്നിവരാണ് മരിച്ചത്.
ശബരിമലയില്‍ കനത്ത മഴ കാരണം തീര്‍ത്ഥാടകര്‍ വലയുകയാണ്. ആലപ്പുഴയില്‍ വ്യപകമായ കൃഷിനാശം ഉണ്ടായി. മഴ ഇന്നും തുടരാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.