തൃശ്ശൂര്‍ പൂരം: ആനയെഴുന്നള്ളിപ്പിനുള്ള നിയന്ത്രണം പിന്‍വലിച്ചു

trissur pooram 2തിരുവനന്തപുരം: ആന എഴുന്നള്ളത്തിന്​ കർശന നിയന്ത്രണം ഏർപ്പെടുത്തി ചീഫ്​ ഫോറസ്​റ്റ്​ കൺസർവേറ്റർ പുറത്തിറക്കിയ ഉത്തരവ്​ പിൻവലിച്ചു. പകല്‍ പത്തിനും വൈകീട്ട് അഞ്ചിനുമിടക്ക് ആനകളെ എഴുന്നള്ളിക്കരുതെന്നും എഴുന്നള്ളിക്കുന്ന ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം വേണമെന്നുമുള്ള ഉത്തരവ് ഇന്നലെയാണ്​ ദേവസ്വങ്ങള്‍ക്ക് ലഭിച്ചത്​. ദേവസ്വം ബോർഡുകളുടെ അപേക്ഷ പരിഗണിച്ചാണ്​​ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്​ൻ ഇടപെട്ട്​ ഉത്തരവ് പിൻവലിച്ചത്​. പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കാൻ വനം മ​ന്ത്രി ഉദ്യോഗസ്ഥരോട്​ നിർദേശിച്ചു.

സർക്കുലർ ഇറക്കാൻ ഇടയായ സാഹചര്യം പരിശോധിക്കുമെന്ന്​ തിരുവഞ്ചൂർ രാധാകൃഷ്​ണൻ പറഞ്ഞു. അനുമതിയില്ലാതെ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനോട്​ വിശദീകരണം തേടും. ദേവസ്വം അധികൃതരുമായി ചീഫ്​ വൈൽഡ്​ ലൈഫ്​ വാർഡൻ ചർച്ച നടത്തുമെന്നും തിരുവഞ്ചൂർ പറഞ്ഞു.

അതേസമയം പൂരം ആചാരം തെറ്റിക്കാതെ എങ്ങനെ പ്രായോഗികമായി നടത്താമെന്ന കാര്യത്തെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്കായി ഇന്ന് ചര്‍ച്ചകള്‍ ഉണ്ടാവും.എന്നാൽ സർക്കാരിനോട് ആലോചിക്കാതെ ഇറക്കിയ ഈ സർക്കുലറിന് നിയമപ്രാബല്യമുണ്ടാവില്ലെന്ന് മന്ത്രി തിരുവഞ്ചൂർ പറഞ്ഞു. ഉത്തരവ് സംബന്ധിച്ച് തിരുവന്പാടി,​ പാറമേക്കാവ് ദേവസ്വങ്ങൾ തനിക്ക് പരാതി നൽകിയിരുന്നു. ഉത്തരവ് ഇറക്കാനായ സാഹചര്യം പരിശോധിച്ചു. ഉത്തരവിൽ ഒപ്പു വച്ച ഉദ്യോഗസ്ഥനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂരം സുഗമമായി നടക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. ദേവസ്വങ്ങളുമായി സംസാരിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഹരികുമാറിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.