തൃശ്ശൂരില്‍ ഐറിഷ് യുവതിയെ കാണാതായി

തൃശ്ശൂര്‍: തൃശ്ശൂരില്‍ വെച്ച് ഐറിഷ് യുവതിയെ കാണാതായതായി വീട്ടുകാരുടെ പരാതി. ഡല്‍ഹിയിലെ ഐറിഷ് എംബസിയിലാണ് പരാതി സമര്‍പ്പിക്കപ്പെട്ടത്.

യുവതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന പരസ്യപ്രസ്താവന ഇന്ത്യാമൈക്ക് എന്ന വെബ്‌സൈറ്റിലും ഉണ്ട്. കഴിഞ്ഞ അഞ്ചുദിവസമായി ഐലിങ് ഓബ്രീന്‍ എന്ന മുപ്പത്തഞ്ചുകാരിയെ തൃശ്ശൂരില്‍ വെച്ച് കാണാതായതാണ് പരാതി. എന്നാല്‍ തൃശ്ശൂര്‍ പോലീസ് സ്‌റ്റേഷനിലോ ആര്‍.പി.എഫിലോ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. ഫെബ്രുവരി 9 മുതല്‍ യുവതിയെ കാണാനില്ലെന്ന് കൂടെയുണ്ടായിരുന്ന സ്റ്റീവ് സ്റ്റോവര്‍ എന്ന ജര്‍മ്മന്‍ യുവാവ് പറഞ്ഞതായി പരാതിയില്‍ പറയുന്നു.

 

ഗോകര്‍ണ്ണത്തേക്ക് പോവുകയായിരുന്ന തങ്ങള്‍ വഴിതെറ്റി തൃശ്ശൂരിലെത്തുകയായിരുന്നെന്ന് സ്റ്റീവ് പറയുന്നു. എന്നാല്‍ ഫെബ്രുവരി 9ന് രാത്രി സ്റ്റീവ് എന്ന ജര്‍മ്മന്‍ യുവാവ് റെയില്‍വേ പ്ലാറ്റഫോമില്‍ മദ്യപിച്ച് പരാക്രമം കാട്ടുകയും പരസ്പരവിരുദ്ധമായി സംസാരിക്കുകയും ചെയ്തതായി പോലീസുകാര്‍ പറയുന്നു.