തൃശൂര്‍ പൂരം;കൊടിയേറ്റ ദിനത്തിലെ വെടിക്കെട്ട്‌ ഒഴിവാക്കി

trissur pooram 2തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ കൊടിയേറ്റ ദിവസത്തിലെ വെടിക്കെട്ട്‌ ഒഴിവാക്കി. കൊടിയേറ്റ ദിവസം സാധാരണയായി വെടിക്കെട്ട് ഉണ്ടാവാറുണ്ട്. എന്നാല്‍ പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെടിക്കെട്ട് വേണ്ടെന്നു വെയ്ക്കുകയായിരുന്നു. തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രസമിതി സംയുക്തമായിട്ടാണ് തീരുമാനമെടുത്തത്. 15 ന് നടക്കാന്‍ നിശ്ചയിച്ചിട്ടുള്ള സാമ്പിള്‍ വെടിക്കെട്ടിന്റെയും പൂരദിവസം നടക്കുന്ന വെടിക്കെട്ടിന്റെയും കാര്യത്തില്‍ മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല. പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് നിയന്ത്രണം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇക്കാര്യം വിലയിരുത്താന്‍ ഇന്ന് കലക്ടറുടെ സാന്നിധ്യത്തില്‍ പൂരക്കമ്മിറ്റി ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇത്തവണ കര്‍ശന സുരക്ഷാ ക്രമീകരണത്തിലാകും വെടിക്കെട്ടു നടത്തുകയെന്നു ഇരുകരകളുടെയും ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ 3.30 ന് ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ 110 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 300 ഓളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് തൃശൂര്‍ പൂരത്തിനും നിയന്ത്രണം വരുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വിളിച്ചു ചേര്‍ക്കുന്നത്.