തൃശൂരില്‍ കരിമ്പനിക്ക്‌ പിന്നാലെ തക്കാളിപ്പനിയും

imagesതൃശൂര്‍: കരിമ്പനിക്ക്‌ പിന്നാലെ തക്കാളിപ്പനിയും തൃശൂരില്‍ പടരുന്നു. പതിനാറു പേരിലാണ്‌ തക്കാളിപ്പനി സ്ഥിരീകരിച്ചത്‌. തൃശൂര്‍ ജില്ലയിലെ മുള്ളര്‍ക്കര എടപ്പാറകോളനിയില്‍ പടര്‍ന്നു കൊണ്ടിരുന്ന കരിമ്പനിയുടെ ഭീതി മാറുന്നതിന്‌ മുമ്പാണ്‌ തക്കാളിപ്പനി ജില്ലയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നത്‌.

കൈകാലുകളിലും വായിലും ചൊറിച്ചിലും കുമിളകളും ഉണ്ടാകുന്നതാണ്‌ രോഗ ലക്ഷണം. വായുവിലൂടെയാണ്‌ തക്കാളിപ്പനി പകരുന്നത്‌ എന്നതിനാല്‍ ഏറെ ജാഗ്രതയോടെയാണ്‌ ആരോഗ്യവകുപ്പ്‌ ഈ സാഹചര്യത്തെ നോക്കിക്കാണുന്നത്‌. തക്കാളിപ്പനി മാസങ്ങള്‍ക്ക്‌ മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നെങ്കിലും നിയന്ത്രണവിധേയമായിരുന്നു. എന്നാല്‍ മഴക്കാലത്തോടെ തക്കാളിപ്പനി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്‌.

ഒരാഴ്‌ചകൊണ്ട്‌ ചികിത്സിച്ച്‌ പനി ഭേദമാക്കാം എന്നതിനാല്‍ ആശങ്ക വേണ്ടെന്നാണ്‌ ആരോഗ്യ വകുപ്പ്‌ പറയുന്നത്‌. എന്നാല്‍ ഡങ്കിപ്പനി പടര്‍ന്നു പിടിക്കുന്നത്‌ ജില്ലയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്‌. അറുപതോളം പേര്‍ക്കാണ്‌ ജില്ലയില്‍ ഡങ്കിപ്പനി പടര്‍ന്നു പിടിച്ചിരിക്കുന്നത്‌. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടിയിലും പലതരത്തിലുള്ള പകര്‍ച്ചവ്യാധികളാണ്‌ പടര്‍ന്നു കൊണ്ടിരിക്കുന്നത്‌.

പരിസര ശുതിത്വമില്ലായിമയാണ്‌ ജില്ലയിലേക്ക്‌ പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമായതെന്നാണ്‌ ആരോഗ്യ വകുപ്പിന്റെ നിഗമനം.