ശരീരം സമരകവചമാക്കി സ്ത്രീ പ്രതിഷേധം

കീവ്: വേള്‍ഡ് എക്കണോമിക് ഫോറം നടക്കുന്ന സ്വിറ്റ്‌സര്‍ലാന്റിലെ ഡാവോസിലാണ് ഈ അസാധാരണ പ്രതിഷേധം അരങ്ങേറിയത്. മരം കോച്ചുന്ന തണുപ്പിനെ അവഗണിച്ചാണ് ഈ യുവതികളുടെ പ്രതിഷേധം. യോഗം നടക്കുന്ന കെട്ടിടത്തിന് പുറത്ത് അര്‍ദ്ധനഗ്നരായി പ്രതിഷേധിച്ച ഉക്രെയിന്‍കാരികളായ യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഉക്രെയ്‌നിയന്‍ ഫെമിനിസ്റ്റ് ന്യൂഡിറ്റി ഗ്രൂപ്പായ ‘ഫെമെന്‍-ന്റെ പ്രവര്‍ത്തകരാണ് യുവതികള്‍. ബാനറുകളില്‍ മാത്രമല്ല ഇവര്‍ ശരീരത്തിലും പ്രതിഷേധ വാചകങ്ങള്‍ എഴുതിയിരുന്നു. പോലീസിന്റെ ബാരിക്കേഡിനു മുകളില്‍ കയറിനിന്നും ഇവര്‍ മുദ്രാവാക്യം വിളിച്ചു.

ലോകത്തെ ദരിദ്ര രാജ്യത്തിന്റെ അവസ്ഥ പരിഹരിക്കാനുള്ള യോഗത്തില്‍ സി.ഇ.ഒമാരെയും രാഷ്ട്രീയക്കാരെയും മാത്രം ക്ഷണിച്ചതില്‍ പ്രതിഷേധിച്ചുകൊണ്ടും ഇവരുടെ തീരുമാനങ്ങളാണ് തങ്ങളുടെ പട്ടിണിക്ക് കാരണമാകുന്നതെന്നും ഉറക്കെ പറഞ്ഞുകൊണ്ടാണ് ഇവര്‍ സമരം ചെയ്തത്.

ലോകത്തെ പാവപ്പെട്ട വരുടെ പ്രതിനിധിയായിട്ടാണ് തങ്ങള്‍ ഉക്രെയ്‌നില്‍ നിന്നും കഷ്ടപ്പാടുകള്‍ സഹിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിലെത്തി പ്രതിഷേധിച്ചതെന്നും പണക്കാര്‍ മാത്രം തീരുമാനങ്ങളെടുക്കുന്നതുകൊണ്ടാണ് ബാക്കിയുള്ളവര്‍ ദരിദ്രരായിരിക്കുന്നതെന്നും ഇന്നാ ഷ്യുവസെന്‍കോ പറഞ്ഞു. വാള്‍സ്ട്രീറ്റ് ഒക്ക്യുപ്പൈ മൂവ്‌മെന്റിലും ഇവര്‍ക്കു സജീവ പങ്കാളിത്തമുണ്ടായിരുന്നു.നിരവധി വാള്‍സ്ട്രീറ്റ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മീറ്റിംഗ് ഹാളിനു പുറത്തു തടിച്ചുകൂടിയിരുന്നു. പ്രതിഷേധ പ്രകടനവുമായി എത്തിയ ഇവരെ പോലീസ് ബാരിക്കേഡ് തീര്‍ത്ത് തടയുകയായിരുന്നു.