തുഞ്ചന്റെ മണ്ണില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരങ്ങള്‍.

തിരൂര്‍ : മലയാളഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ അനുഗ്രഹീതമണ്ണില്‍ ഇന്ന് അറിവിന്റെ ആദ്യാക്ഷരം കുറിച്ച് 4,416 പിഞ്ചുകുഞ്ഞുങ്ങള്‍. രാവിലെ 5 മണി മുതല്‍ ആരംഭിച്ച വിദ്യാരംഭ ചടങ്ങുകള്‍ക്ക് സരസ്വതി മണ്ഡപത്തില്‍ എംടി വാസുദേവന്‍ നായര്‍ നേതൃത്വം നല്‍കി.

തുഞ്ചന്‍പറമ്പില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരുടെ നിരചടങ്ങിനെ സമ്പുഷ്ടമാക്കി.

എംടിയെ കൂടാതെ ആഷാ മേനോന്‍, കെ പി രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍, കെ പി സുധീര, റ്റി.ഡി രാമകൃഷ്ണന്‍, ഷംഷാദ് ഹുസൈന്‍, പി കെ ഗോപി, കെ പി രഘുനാഥ് തുടങ്ങിയവരും ഉണ്ടായിരുന്നു.

കൃഷണശിലാ മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്‍മാര്‍ എഴുത്തിനിരുത്ത് ചടങ്ങിന് നേതൃത്വം നല്‍കി.

വന്‍ ക്രമീകരണങ്ങളാണ് ചടങ്ങിനായി തിരൂരില്‍ ഒരുക്കിയിരുന്നത്. ഇതോടൊപ്പം കവികളുടെ വിദ്യാരംഭവും ഉണ്ടായിരുന്നു. 98 കവിതകള്‍ ചടങ്ങില്‍ ആലാപനം ചെയ്തു. തുടര്‍ന്ന് വിവിധ പരിപാടികള്‍ അരങ്ങേറി.