തീരദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം; ഉപ്പുവെള്ളം കുടിച്ച് കടലോര വാസികള്‍

താനൂര്‍ ഒസ്സാന്‍ കടപ്പുറത്ത് പൈപ്പില്‍ നിന്നും കുടിവെള്ളം ശേഖരിക്കുന്ന സ്ത്രീകള്‍

താനൂര്‍: താനൂര്‍ തീരദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതിയുയരുന്നു. ഒസ്സാന്‍ കടപ്പുറത്ത് 200ലധികം കുടുംബങ്ങളാണ് ശുദ്ധജല ക്ഷാമം മൂലം ദുരിതത്തിലായിരിക്കുന്നത്.

 

വെള്ളം ലഭിക്കണമെങ്കില്‍ സ്ത്രീകളും കുട്ടികളുമടക്കം കിലോമീറ്ററുകള്‍ താേണ്ടണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രശ്‌നം നിരവധി തവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

 

ഒരോ തിരഞ്ഞെടുപ്പുകള്‍ വരുമ്പോഴും വാര്‍ഡിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തിരമായി പരിഹാരം കാണുമെന്ന് രാഷ്ട്രീയ നേതാക്കള്‍ ഉറപ്പു നല്‍കാറുണ്ടെങ്കിലും പിന്നീട് തിരിഞ്ഞുനോക്കാറില്ലെന്നാണ് ആക്ഷേപം. വേനല്‍ രൂക്ഷമാകുന്നതോടെ തീരദേശവാസികള്‍ക്ക് ഉപ്പുവെള്ളം കുടിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.