തിരൂരില്‍ 143 കോടിയുടെ വിവിധ വികസന പ്രവൃത്തികളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരൂര്‍ നിയോജകമണ്‌ഡലത്തില്‍ 143 കോടി ചെലവഴിച്ച്‌ നടപ്പാക്കിയ വിവിധ വികസനപദ്ധതികളുടെ പ്രവൃത്തി ഉദ്‌ഘാടനവും, 5.9 കോടി ചെലവഴിച്ച്‌ നിര്‍മിച്ച തിരൂര്‍ രാജീവ്‌ ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനവും ഫെബ്രുവരി 27ന്‌ വൈകീട്ട്‌ നാലിന്‌ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. നബാര്‍ഡ്‌ വിഹിതവും കേന്ദ്രസര്‍ക്കാര്‍ വിഹിതവുമടക്കം 36.9 കോടി ചെലവഴിച്ച്‌ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സ്ഥാപിക്കുന്ന നിര്‍മിക്കുന്ന കാന്‍സര്‍ ബ്ലോക്ക്‌ തറക്കല്ലിടലും മുഖ്യമന്ത്രി നിര്‍വഹിക്കും. ഐ.ടി.- വ്യവസായ വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനാകും.
53 കോടി ചെലവില്‍ നടപ്പാക്കുന്ന വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി ഉദ്‌ഘാടനം ജലസേചന വകുപ്പ്‌ മന്ത്രി പി.ജെ. ജോസഫ്‌, സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്‌ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളും അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയര്‍ത്തിയ പദ്ധതി പ്രഖ്യാപനം വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി. പി.കെ. അബ്‌ദുറബ്ബ്‌, തിരൂര്‍ പുഴയോരത്ത്‌ നടപ്പാക്കുന്ന ടൂറിസം പദ്ധതി പ്രവൃത്തികളുടെ ഉദ്‌ഘാടനം ടൂറിസം-പിന്നാക്കക്ഷേമ- പട്ടികജാതി വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍, മണ്‌ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും സ്ഥാപിച്ച 130 ഹൈമാസ്റ്റ്‌- ലോമാസ്റ്റ്‌ വിളക്കുകളുടെയും 33 സ്ഥലങ്ങളിലായി സ്ഥാപിക്കുന്ന ഹൈടെക്‌ ബസ്‌ ഷെല്‍ട്ടറുകളുടെ പ്രവൃത്തി ഉദ്‌ഘാടനം ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. എന്നിവര്‍ നിര്‍വഹിക്കും.
സംസ്ഥാനത്തെ അഞ്ചാമത്തെ സിന്തറ്റിക്‌ ട്രാക്ക്‌ സ്റ്റേഡിയമാണ്‌ തിരൂരിലേത്‌. ആറ്‌ സിന്തറ്റിക്‌ ട്രാക്കുകള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച്‌ സ്റ്റേഡിയം നിര്‍മാണത്തിന്‌ സി. മമ്മൂട്ടി എം.എല്‍.എ. യുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും 4.9 കോടിയും സ്‌പെഷല്‍ ഡെവലപ്‌മെന്റ്‌ ഫണ്ടില്‍ നിന്ന്‌ ഒരു കോടിയുമാണ്‌ ചെലവഴിച്ചത്‌. സി. മമ്മൂട്ടി എം.എല്‍.എ. മലയാളം സര്‍വകലാശാലാ വി.സി. കെ.ജയകുമാര്‍, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍, ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍ ജനപ്രതിനിധികള്‍ തുടങ്ങി.വര്‍ പങ്കെടുക്കും.