തിരൂരില്‍ ചെയര്‍മാന്‍ സ്ഥാനത്തിന്‌ പിടിവലി;ടി.ഡി.എഫ്‌ നേതാവ്‌ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോയി

cpim tirur copyതിരൂര്‍: തിരൂരില്‍ നഗരസഭ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചടക്കിയതിന്‌ പിന്നാലെ ചെയര്‍മാന്‍ സ്ഥാനത്തിന്‌ വേണ്ടി ഇടതുമുന്നണിയും ടിഡിഎഫും തമ്മില്‍ രൂക്ഷമായ കലഹം. തെരഞ്ഞെടുപ്പ്‌ അവലോകനും മറ്റും ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത ഇടതുമുന്നണി യോഗത്തിനിടെയാണ്‌ സിപിഎമ്മും ടിഡിഎഫും തമ്മില്‍ കലഹമുണ്ടായത്‌. ഇതെ തുടര്‍ന്ന്‌ ടിഡിഎഫ്‌ നേതാവ്‌ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോവുകയും ചെയ്‌തു.

ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ താന്‍ നിര്‍ദേശിക്കുന്നയാളെ അംഗീകരിക്കണമെന്ന ടിഡിഎഫ്‌ നേതാവ്‌ വി അബ്ദുറഹ്മാന്റെ വാദം സിപിഎം അംഗീകരിച്ചില്ല. നാലാം വാര്‍ഡില്‍ നിന്ന്‌ വിജയിച്ച ഒ എം ഇസ്‌ഹാഖിനെ ചെയര്‍മാനാക്കണ മെന്നായിരുന്നു ടിഡിഎഫ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ ഇതിന്‌ കഴിയില്ലെന്നും അഡ്വ. എസ്‌ ഗിരീഷിനെ ചെയര്‍മാനാക്കാനാണ്‌ സിപിഐഎം തീരുമാനമെന്നും നേതാക്കള്‍ വി അബ്ദുറഹ്മാനെ അറിയിച്ചു. ഇസ്‌ഹാഖിനെ ചെയര്‍മാനാക്കാന്‍ അനുവദിക്കില്ലെന്ന്‌ കെ കൃഷ്‌ണന്‍ നായരും പി പി ലക്ഷമണനും അറിയിച്ചതോടെ തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന്‌ അറിയിച്ച്‌ വി അബ്ദുറഹ്മാന്‍ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോവുകയായിരുന്നു.

നിലവില്‍ നഗരസഭയില്‍ സിപിഎമ്മിന്‌ 6 ഉം സിപിഐക്ക്‌ ഒരാളും 12 സ്വതന്ത്രരുമാണുള്ളത്‌. നേരത്തെ തന്നെ ടിഡിഎഫുമായി കൂട്ടുചേര്‍ന്ന്‌ മത്സരിക്കുന്നതിനെതിരെ ഇടതുമുന്നണി ഘടകകക്ഷികള്‍ രംഗത്തുവന്നിരുന്നു. ടിഡിഎഫ്‌ ഇടതുമുന്നണിയിലെ മറ്റു പാര്‍ട്ടികളെ ഭരിക്കുന്ന അവസ്ഥയുണ്ടാകുമെന്ന്‌ സിപിഐ, ജനതാദള്‍, എന്‍ സി പി തുടങ്ങിയ പാര്‍ട്ടികള്‍ സിപിഎമ്മിനെ താക്കീത്‌ നല്‍കുകയും ചെയതു. എന്‍സിപി നേതാവുമായി ടിഡിഎഫ്‌ നേതാവ്‌ കഴിഞ്ഞ ദിവസം വാക്ക്‌ തര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്‌.