തിരൂരങ്ങാടി നഗരസഭയില്‍ വയോമിത്രം പദ്ധതി ഉദ്‌ഘാടനം 29 ന്‌

തിരൂരങ്ങാടി: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ലക്ഷ്യമാക്കി സാമൂഹിക നീതി വകുപ്പിനു കീഴില്‍ സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന വയോമിത്രം പദ്ധതി തിരൂരങ്ങാടി നഗരസഭയില്‍ ഫെബ്രുവരി 29 ന്‌ രാവിലെ 10 ന്‌ ചെമ്മാട്ടെ നഗരസഭാ ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ ഉദ്‌ഘാടനം ചെയ്യും. 65 വയസിനു മുകളിലുള്ള നഗരസഭയിലെ വയോജനങ്ങള്‍ക്ക്‌ മരുന്നും ചികിത്സയും സൗജന്യമായി നല്‍കുന്ന പദ്ധതിയാണ്‌ വയോമിത്രം. ഡോക്‌ടര്‍മാര്‍ നഗരസഭയിലെ വിവിധ സെന്ററുകളില്‍ പരിശോധനയ്‌ക്കെത്തും.
സംസ്ഥാനത്തെ നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ആയിരങ്ങളുടെ ആശ്രയമാണ്‌ വയോമിത്രം പദ്ധതി. എ.പി.എല്‍.-ബി.പി.എല്‍. വ്യത്യാസമില്ലാതെ മരുന്നുകളും ചികിത്സയും സൗജന്യമായി നല്‍കുന്ന പദ്ധതി നഗരസഭയിലെ വയോജനങ്ങള്‍ക്ക്‌ ഏറെ ഉപകാരപ്പെടും. സാമൂഹിക സുരക്ഷ മിഷന്‍ നടത്തുന്ന വിവിധ പദ്ധതികളുടെ ഹെല്‍പ്പ്‌ ഡസ്‌ക്‌ ആയും വയോമിത്രം ഓഫീസ്‌ പ്രവര്‍ത്തിക്കും. നഗരസഭയില്‍ രണ്ടായിരത്തോളം വയോജനങ്ങള്‍ക്ക്‌ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നുണ്ട്‌.
ഉദ്‌ഘാടനം വന്‍ വിജയമാക്കാന്‍ നഗരസഭ പരിപാടികള്‍ ആവിഷ്‌കരിച്ചു. ഇത്‌ സംബന്ധമായി ചേര്‍ന്ന യോഗം ചെയര്‍പെഴ്‌സണ്‍ കെ.ടി. റഹീദ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ ചെയര്‍മാന്‍ എം. അബ്‌ദുറഹിമാന്‍കുട്ടി അധ്യക്ഷനായി. സ്റ്റാന്‍ഡിങ്‌ കമ്മിറ്റി അധ്യക്ഷരായ ഉള്ളാട്ട്‌ റസിയ, ഇഖ്‌ബാല്‍ കല്ലുങ്ങല്‍, സി.പി സുഹ്‌റാബി. സി.പി. ഹബീബ, വി.വി അബു, സെക്രട്ടറി കോയ വെള്ളക്കാന്‍തൊടി, വയോമിത്രം റീജനല്‍ കോഡിനേറ്റര്‍ എ. ശരീഫ്‌, വി.പി. അനീഷ എന്നിവര്‍ സംസാരിച്ചു.