തിരൂരങ്ങാടിയിലെ ലീഗ് ഗ്രൂപ്പിസം കയ്യാങ്കളിയിലേക്ക് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് പൊതിരെ തല്ല്

തിരൂരങ്ങാടി: ഇടി മുഹമ്മദ് ബഷീറിന്റെ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിക്കാനെത്തിയ യുത്ത് ലീഗ് പ്രവര്‍ത്തകരെ മുസ്ലീംലീഗ് വാര്‍ഡ്പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ധിച്ചു. പന്താരങ്ങാടി പാറപ്പുറത്താണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി പത്തരമണിയോടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ ഇവിടെയെത്തിയ അടുത്ത വാര്‍ഡിലെ യുത്ത്‌ലീഗ് പ്രവര്‍ത്തകരെ വാര്‍ഡ് പ്രസിഡന്റ് സിടി മൂസക്കുട്ടിയും മകനുമടങ്ങുന്ന സംഘമാണ് അടിച്ചോടിച്ചത്.

ഗ്രൂപ്പ് പോരിന്റെ ഭാഗമായി ഈ വാര്‍ഡില്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമാണ്. ഇതു പരിഹരിക്കാനാണ് യൂത്ത് ലീഗ് സംഘമെത്തിയത്. താന്‍ പ്രസിഡന്റായ വാര്‍ഡില്‍ തന്നോട് ചോദിക്കാതെ പോസ്റ്റര്‍ ഒട്ടിച്ചത് മൂസക്കുട്ടി ചോദ്യം ചെയ്യുകയായിരുന്നു. പോസ്റ്റ്‌റുകള്‍ മൂസക്കുട്ടി വലിച്ചുകീറിയതിനെ തുടര്‍ന്ന് വീണ്ടും പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് അടിതുടങ്ങിയത്.

അടിപിടിയില്‍ സാരമായി പരിക്കേറ്റ യൂത്തലീഗ് പ്രവര്‍ത്തകരായ ഇസ്മായില്‍, സുഹൈബ് എന്നിവരെ തിരൂരങ്ങാടി ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂസക്കുട്ടിക്കും മകനുമെതിരെ പോലീസ കേസെടുത്തിട്ടുണ്ട്.