തിരുവനന്തപുരത്ത്‌ വീടിനുള്ളില്‍ നാലു പേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം : തിരുവനന്തപുരം നന്തന്‍കോട് ക്ളിഫ്ഹൌസിന് സമീപമുള്ള വീട്ടിനുള്ളില്‍ ദമ്പതികളടക്കം നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു മൃതദേഹങ്ങര്‍ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം വെട്ടിനുറുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. റിട്ട ആര്‍എംഒ ഡോ. ജീന്‍ പത്മ, ‘ഭര്‍ത്താവ് റിട്ട പ്രഫസര്‍ രാജതങ്കം, ദമ്പദികളുടെ മകന്‍ കാരളിന്‍, ബന്ധുവായ സ്ത്രീ ലളിത എന്നിവരാണ് മരിച്ചത്.

രണ്ടു ദിവസത്തിലധികം പഴക്കമുള്ളവയാണ് മൃതദേഹങ്ങള്‍. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ആണ് ഇക്കാര്യം വ്യക്തമായത്. കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം.ഇവരുടെ മകന്‍ കേദലിനെ സംഭവത്തിന് ശേഷം കാണാതായിട്ടുണ്ട്. മകനാണ് കൊലപതകം നടത്തിയതെന്നാണ് സൂചന. ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി. ഓസ്ട്രേലിയയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സിഇഒ ആയ കേദല്‍ അവധിക്ക് നാട്ടില്‍ വന്നതാണ്. സംഭവശേഷം കേദല്‍ ഒളിവില്‍ പോയി എന്നാണ് സൂചന.

പല ദിവസങ്ങളായാണ് കൊല നടന്നതെന്ന് സൂചന. മാര്‍ത്താണ്ഡം നേശമണി കോളജ് ഹിസ്റ്ററി പ്രഫസറായിരുന്നു രാജതങ്കം. പുലര്‍ച്ചെ ഒരു മണിയോടെ ഡോക്ടറുടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.