തിരമുറിച്ച് നീന്തി നൗഫല്‍ ജീവിത തീരത്തിലേക്ക്

വള്ളികുന്ന്: സ്വന്തം ഇഛാശക്തിയുടെ തിളങ്ങുന്ന വായ്തല കൊണ്ട് മനുഷ്യവിധിയുടെ മണ്ണ് വെട്ടിമാറ്റി നൗഫല്‍ വിദ്യാലയാങ്കണത്തിലേക്ക്. എംവിഎച്ച്എസ്എസ് ഹൈസ്‌കൂള്‍ പരിസരം സഹജസ്‌നേഹത്തിന്റെ മഹാകാശങ്ങളിലേക്ക് വികസിച്ച സഹപാഠികളുടെ ആഹ്ലാദഘോഷങ്ങളാല്‍ മുഖരിതം. നൗഫലിനെ വിദ്യാലയവും സുഹൃത്തുക്കളെയും കാണിക്കാനായി കൂട്ടുകാര്‍ ആനയിച്ചെത്തിയപ്പോള്‍ സ്‌കൂളിനും നാടിനും പാഠപുസ്തകത്തിനുമപ്പുറത്ത് ഈ ദിനം ഒരവിസ്മരണീയ പാഠം.

സ്വന്തം ശാരീരിക വൈകല്യങ്ങള്‍ പഠനത്തില്‍ നൗഫലിനെ തളര്‍ത്തിയില്ല. ഇതുവരെ വിദ്യാലയത്തില്‍ എത്താതെ പഠിച്ചിട്ടും എല്ലാവിഷയത്തിലും എ ഗ്രേഡാണ്. നൗഫലിന് വിദ്യാലയം നല്‍കിയത് സ്‌നേഹോഷ്മളമായ വരവേല്‍പ്പായിരുന്നു. ബാന്റ്‌മേളത്തിന്റെ അകമ്പടിയോടെ സമ്മാന പൊതികളുമായാണ് കൂട്ടുകാര്‍ അവനെ സ്വീകരിച്ചത്.

പഞ്ചായത്ത് മെമ്പര്‍ ലത്തീഫ് കല്ലുടുമ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ച നൗഫലിനെ സ്‌കൂള്‍ കാണിക്കുന്ന ചടങ്ങില്‍ ത്രേസ്യാമ തോമസ് അധ്യക്ഷയായിരുന്നു.

ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ ഉസ്മാന്റെയും അസ്മയുടെയും മകനാണ് നൗഫല്‍ പേശി ബലക്ഷയം കാരണം വീല്‍ചെയറിലാണ് വിദ്യാലയത്തിലേക്ക് വന്നത്. ഗൃഹാധിഠിത വിദ്യാഭ്യാസ പദ്ധതി പരകാരം ഇത്തരത്തിലുള്ള കുട്ടികലെ അധ്യാപകര്‍ വീട്ടില്‍ ചെന്ന് പഠിപ്പിക്കുകയാണ്.