തിരഞ്ഞെടുപ്പ്‌ 21871 വാര്‍ഡുകളില്‍

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ 1199 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 21871 വാര്‍ഡുകളിലേയ്‌ക്ക്‌ ആണ്‌ തിരഞ്ഞെടുപ്പ്‌. ഇതില്‍ 941 ഗ്രാമപഞ്ചായത്തുകളിലായി 15962 വാര്‍ഡുകളും 152 ബ്ലോക്ക്‌ പഞ്ചായത്തുകളിലായി 2076 വാര്‍ഡുകളും 14 ജില്ലാ പഞ്ചായത്തുകളിലായി 331 ഡിവിഷനുകളും 86 മുനിസിപ്പാലിറ്റികളിലായി 3088 വാര്‍ഡുകളും 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലായി 414 വാര്‍ഡുകളുമാണുള്ളത്‌.

2010-ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ 1209 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 21682 വാര്‍ഡുകളാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ 10 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കുറവ്‌ ഉണ്ടായിട്ടുണ്ടെങ്കിലും 189 വാര്‍ഡുകള്‍ കൂടുതലായിട്ടുണ്ട്‌.

മലപ്പുറം ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ വാര്‍ഡുകള്‍ 122 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 2510 വാര്‍ഡുകള്‍. ഏറ്റവും കുറവ്‌ വയനാട്ടിലാണ്‌. 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 582 വാര്‍ഡുകള്‍. 2010-ലെ തിരഞ്ഞെടുപ്പില്‍ 123 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 2439 വാര്‍ഡുകളും വയനാട്ടില്‍ 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങിലായി 560 വാര്‍ഡുകളുമാണ്‌ ഉണ്ടായിരുന്നത്‌.

55 വാര്‍ഡുകള്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചതോടെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ എണ്ണം ആറായി. മുനിസിപ്പാലിറ്റികളുടെ എണ്ണം 60-ല്‍ നിന്നും 86 ആയി ഉയര്‍ന്നിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ മുനിസിപ്പാലിറ്റികള്‍ ഉള്ള ജില്ല എറണാകുളമാണ്‌. 13 മുനിസിപ്പാലിറ്റികള്‍. ഏറ്റവും കുറവ്‌ ഇടുക്കിയിലും. രണ്ട്‌ മുനിസിപ്പാലിറ്റികള്‍.