തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയുള്ളവര്‍ക്കല്ലാം പോസ്റ്റല്‍ ബാലറ്റ്‌ – സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍

Story dated:Monday October 26th, 2015,06 25:pm
sameeksha

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്ക്‌ തിരഞ്ഞെടുപ്പ്‌ ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടവര്‍ക്കെല്ലാം പോസ്റ്റല്‍ ബാലറ്റ്‌ അനുവദിക്കുമെന്ന്‌ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അറിയിച്ചു. തപാല്‍മാര്‍ഗ്ഗം വോട്ട്‌ രേഖപ്പെടുത്താന്‍ ആഗ്രഹമുള്ള തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയിലുള്ള സമ്മതിദായകന്‍ വോട്ടെടുപ്പ്‌ തീയതിക്ക്‌ ഏഴ്‌ ദിവസം മുമ്പോ അല്ലെങ്കില്‍ വരണാധികാരി അനുവദിക്കുന്ന കാലാവധിക്കു മുമ്പോ വരണാധികാരിയ്‌ക്ക്‌ അപേക്ഷ നല്‍കണം. പോളിംഗ്‌ ഡ്യൂട്ടിയ്‌ക്ക്‌ നിയോഗിക്കപ്പെടുന്ന ഓഫീസര്‍മാര്‍ക്ക്‌ പുറമേ പോളിംഗ്‌ ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ മറ്റ്‌ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷനിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പോസ്റ്റല്‍ ബാലറ്റ്‌ പേപ്പറുകള്‍ നല്‍കും. കൂടാതെ ജില്ലാ തിരഞ്ഞെടുപ്പ്‌ ഓഫീസുകളിലേയും പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലേയും ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ക്കും വരണാധികാരി, ഉപ വരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ക്കും നിരീക്ഷകന്‍, സെക്‌ടറല്‍ ഓഫീസര്‍മാര്‍, തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടികളില്‍ നിയോഗിക്കപ്പെടുന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ആവശ്യാനുസരണം ബാലറ്റ്‌ പേപ്പറുകള്‍ നല്‍കുന്നതാണ്‌. തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെ അതിലേയ്‌ക്ക്‌ നിയോഗിച്ചുകൊണ്ട്‌ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ്‌ ഉദേ്യാഗസ്ഥര്‍, ജില്ലാ പോലീസ്‌ മേധാവി, വരണാധികാരികള്‍ എന്നിവര്‍ യഥാസമയം ഉത്തരവിറക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.