താന്‍സാനിയന്‍ യുവതിയെ അപമാനിച്ച സംഭവം വ്യാജം;കര്‍ണാടക ആഭ്യന്തരമന്ത്രി

car_1ബംഗളൂരു: താന്‍സനിയന്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ ജനക്കൂട്ടം മര്‍ദ്ദിക്കുകയും അര്‍ധനഗ്നയാക്കി തെരുവിലൂടെ നടത്തുകയും ചെയ്‌ത സംഭവം വ്യാജമാണെന്ന്‌ കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. പ്രാഥമിക അന്വേഷണത്തില്‍ താന്‍സിനിയന്‍ വിദ്യാര്‍ത്ഥിനിയെ നഗ്നയാക്കുകയോ നടത്തുകയോ ചെയ്‌തിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. പെണ്‍കുട്ടിക്കെതിരെ നടന്നത്‌ വംശീയ ആക്രണമായിരുന്നില്ലെന്നും നേരത്തെ നടന്ന അപകടത്തെ തുടര്‍ന്ന്‌ സംഭവിച്ചതാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ അറസിറ്റിലായ അഞ്ച്‌ പേരെ പോലീസ്‌ ചോദ്യം ചെയ്‌ത്‌ വരികയാണെന്നും മന്ത്രി പറഞ്ഞു. ബംഗളൂരുവില്‍ 12,000 ത്തോളം വിദേശ വിദ്യാര്‍ഥികളാണ്‌ പഠിക്കുന്നത്‌. അവരുടെ സുരക്ഷ തങ്ങളുടെ കടമയാണ്‌. അതുകൊണ്ട്‌ തന്നെ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി.

ആക്രമണ സംഭവത്തില്‍ നേരത്തെ അഞ്ചുപേര്‍ അറസ്‌റ്റിലായിരുന്നു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സംഭവത്തില്‍ അറസ്റ്റൊന്നും നടന്നിട്ടില്ലെന്നായിരുന്നു ബംഗളൂരു പോലീസ്‌ ആദ്യം പറഞ്ഞിരുന്നത്‌. എന്നാല്‍ സംഭവം വിവാദമായതോടെ കുറച്ച്‌ പേരെ അറസ്റ്റ്‌ ചെയ്‌ത്‌ ചോദ്യം ചെയ്‌ത്‌ വരികയാണെന്ന്‌ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടു എന്ന വാര്‍ത്ത ശരിയല്ലെന്ന്‌ ബംഗളൂരു പോലീസ്‌ മേധാവി പറഞ്ഞു.

കര്‍ണാടകയിലെ ഹെസരഘട്ടയില്‍ ഞായറാഴ്‌ച രാത്രിയണ്‌ സംഭവം നടന്നത്‌. ഗണപതിപുരയിലെ സോളദേവന ഹള്ളിയില്‍ കാറിടിച്ച്‌ ഹെസരഘട്ട സ്വദേശിനി ശബാന താജ്‌(35) മരിച്ചിരുന്നു. അപകടം നടന്ന്‌ അരമണിക്കൂര്‍ കഴിഞ്ഞാണ്‌ ആചാര്യ കോളേജിലെ ബിബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ യുവതി ഉള്‍പ്പെടെയുള്ള സംഘം മാരുതി കാറില്‍ ഇവിടെ എത്തിയത്‌. കാര്‍ തടഞ്ഞു നിര്‍ത്തിയ ജനക്കൂട്ടം യുവതിയെ കാറില്‍ നിന്ന്‌ വലിച്ചിറക്കി വസ്‌ത്രം വലിച്ച്‌ കീറിയ ശേഷം തെരുവിലൂടെ നടത്തുകയായിരുന്നു. യുവതിയുടെ സുഹൃത്ത്‌ ടീഷേര്‍ട്ട്‌ നല്‍കിയെങ്കിലും ഇയാള്‍ക്കും മര്‍ദനമേറ്റു. സമീപത്തെ ബസില്‍ ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ യത്രക്കാര്‍ പുറത്തേക്ക്‌ തള്ളിയിടുകയായിരുന്നത്രെ.