താനൂര്‍ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

താനൂര്‍: താനൂര്‍ ചിറക്കലില്‍ വീണ്ടും ആര്‍എസ്എസ് ശിവസേന സംഘര്‍ഷം. വൈകുന്നേരം 7.30 ന് നടന്ന അക്രമത്തില്‍ ശിവസേന പ്രവര്‍ത്തകന് വെട്ടേറ്റു. ചിറക്കല്‍ പറമ്പില്‍ മനോജ് (22) നാണ് വെട്ടേറ്റത്.

കളരിപ്പടിക്ക് പടിഞ്ഞാറുവശം ക്ലബ്ബില്‍ ടീവി കാണുകയായിരുന്ന മനോജിനെ മൂന്ന് ബൈക്കുകളിലായിയെത്തിയ അക്രമികള്‍ തിരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നു. ക്ലബ്ബിലെ വൈദ്യുതി വിഛേദിച്ച ശേഷമായിരുന്നു അക്രമം.
മനോജിന്റെ ഇരുകൈകള്‍ക്കുമാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് ദിവസങ്ങളായി നിലനില്‍കുന്ന ആര്‍എസ്എസ് ശിവസേന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് മനോജിന് നേരെയുളള ആക്രമണമെന്നാണ് സൂചന.
പുതുവത്സര ദിനത്തില്‍ നടന്ന തര്‍ക്കത്തില്‍ നാലോളം ആര്‍എസ്എസ്സുകാര്‍ക്ക് മര്‍ദനമേറ്റിരുന്നു. ആ കേസിലെ പ്രതിയാണ് വെട്ടേറ്റ മനോജ്. സംഘര്‍ഷാവസ്ഥ നിലനില്‍കുന്ന സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.