താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നും 45 കുപ്പി മദ്യം പിടികൂടി

താനൂര്‍: താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ മദ്യശേഖരം കണ്ടെത്തി. 750 മില്ലിയുടെ 45 കുപ്പി മദ്യമാണ് പിടികൂടിയത്. റെയില്‍വെ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് കാട് പിടിച്ച പ്രദേശത്ത് പെട്ടിയിലാക്കി ഒളിപ്പിച്ച നിലയിലാണ് മദ്യശേഖരം കണ്ടെത്തിയത്. പരിസരങ്ങളിലെ കുട്ടികളാണ് ഇത് ആദ്യം കണ്ടെത്തിയത്. കുട്ടികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മദ്യശേഖരം കസ്റ്റഡിയിലെടുത്തു. പോണ്ടിച്ചേരി നിര്‍മിത മദ്യമാണ് ഇതെന്ന് പോലീസ് അറിയിച്ചു. ഇവിടെ ഒരു വര്‍ഷം മുമ്പ് ഒളിപ്പിച്ച് വെച്ച നിലയില്‍ വലിയതോതില്‍ മദ്യശേഖരം പിടികൂടിയിരുന്നു. മദ്യം കഴിച്ച് ബാലിക അബോധാവസ്ഥയിലായത് അന്ന് വലിയ വാര്‍ത്തയായിരുന്നു. പാസഞ്ചര്‍ ട്രെയിനില്‍ പ്രദേശത്തെ നാടോടികളെ വലയിലാക്കി മാഹിയില്‍ നിന്നാണ് മദ്യം ഇവിടെ എത്തിക്കുന്നത്. മദ്യപരുടെ ശല്യത്തിനെതിരെ നിരവധി തവണ പരാതിപ്പെട്ടരുന്നെങ്കിലും അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറാവാത്തത് പ്രതിഷേധ ത്തിന് കാരണമായിരുന്നു. താനൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തുന്ന സ്ത്രീ യാത്രക്കാര്‍ക്ക് നേരെയും മദ്യപരുടെ ശല്യം നടക്കുന്നതായി പരാതിയുണ്ട്.